കോതമംഗലം : കോതമംഗലം ടൗൺ പ്രദേശങ്ങളിൽ അടിക്കടി ഉണ്ടാകുന്ന വൈദ്യുതി തടസ്സം ഒഴിവാക്കുന്നതിനായി 5 കി മി ദൂരത്തിൽ അണ്ടർ ഗ്രൗണ്ട് (യു ജി) കേബിൾ സ്ഥാപിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ എം എൽ എ യുടെ നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി കാര്യം അറിയിച്ചത്.2,27,60,000/- രൂപ ചെലവഴിച്ചാണ് യു ജി കേബിൾ സ്ഥാപിക്കുന്നത്.നിരവധി വ്യാപാര സ്ഥാപനങ്ങളും,കോതമംഗലം നഗരസഭ കാര്യാലയം ഉൾപ്പെടെയുള്ള നിരവധി ഓഫീസുകളും നൂറു കണക്കിന് രോഗികൾ ദിവസേന ആശ്രയിക്കുന്ന മൂന്ന് ആശുപത്രികളും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഉൾപ്പെടെ പ്രവർത്തിക്കുന്ന കോതമംഗലം ടൗൺ പ്രദേശത്ത് അടിക്കടി ഉണ്ടാകുന്ന വൈദ്യുതി തടസ്സം പരിഹരിക്കുന്നതിന് ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നും,ഇതിനായി യു ജി കേബിൾ സ്ഥാപിച്ച് വൈദ്യുതി തടസ്സം ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് എം എൽ എ ആവശ്യപ്പെട്ടു.
കോതമംഗലം ടൗണിലെ വൈദ്യുതി തടസ്സം ഒഴിവാക്കുന്നതിനായി കോതമംഗലം നമ്പർ 2 സെക്ഷന്റെ കീഴില്‍ ദ്യുതി 1 പദ്ധതിയില്‍ ഉൾപ്പെടുത്തി 5 കി മി യു ജി കേബിള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തിയ്ക്ക് 2,27,60,000/- രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടർ നടപടികള്‍ പൂർത്തീകരിച്ച് വർക്ക് ഓർഡർ നല്കിയിട്ടുണ്ടന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.