കോതമംഗലം: വനം വകുപ്പിന്റെ കോമ്പൗണ്ടിൽ ബൊട്ടാണിക്കൽ ഗാർഡൻ ഒരുക്കുന്നതിന് വൃക്ഷതൈകൾ നടുന്നതിൻ്റെ തുടക്കം കോതമംഗലം ഡി.എഫ്.ഒ. എം.വി.ജി.കണ്ണൻ നിർവഹിച്ചു. റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി.കെ.തമ്പി , സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.സി സന്തോഷ് , ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഡി. ഷിബു എന്നിവർ പങ്കെടുത്തു. ഏറെ തർക്കങ്ങൾക്കൊടുവിലാണ് ബൊട്ടാണിക്കൽ ഗാർഡനിൽ തൈകൾ നടുന്നതിന് തുടക്കമിട്ടത്. തടിഡിപ്പോ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഡിപ്പോ തൊഴിലാളികളുടെ എതിർപ്പ് നിലനിൽക്കുകയും, തൊഴിലാളി സംഘടനാ നേതാക്കളുമായി ചർച്ച നടത്തിയുമാണ് ഇപ്പോൾ തൈ നടീൽ ജോലി ആരംഭിച്ചിട്ടുള്ളത്.
കോതമംഗലം ഓക്സിജൻ പാർക്കും, ബൊട്ടാണിക്കൽ ഗാർഡനും കോതമംഗലം പട്ടണത്തിന് വനംവകുപ്പ് ചാർത്തിയ ഒരു തിലകക്കുറി ആണ്. പട്ടണത്തിലെ തിരക്കേറിയ വാഹന ഗതാഗതവും, ജനനിബിഡമായ പട്ടണത്തിൽ ശുദ്ധവായു അളവ് കുറയുകയും കാർബൺ ഡൈ ഓക്സൈഡ് അളവ് വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ കാർബൺ ഡൈ ഓക്സൈഡ് അളവ് കുറച്ച് ശുദ്ധവായു ഉൽപാദിപ്പിക്കുന്ന ഓക്സിജൻ പാർക്കും ബൊട്ടാണിക്കൽ ഗാർഡനും പൊതുസമൂഹത്തിനും പരിസ്ഥിതി പഠന സമൂഹത്തിനും പ്രദേശത്തെ സർവ്വ ജീവജാലങ്ങൾക്കും ഒരു അത്താണി ആയിരിക്കും എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.