കോതമംഗലം: രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ പൂട്ടി കിടന്ന ധനകാര്യ സ്ഥാപനത്തിൻ്റെ ഷട്ടറും താഴും തീയിട്ട് കത്തിച്ചു. ഇന്നലെ രാത്രിയോടെയാണ് കട പൂട്ടിയിരുന്ന രണ്ട് താഴുകളും ഷട്ടറും തുണിയും പേപ്പറും ഉപയോഗിച്ചാണ് കത്തിച്ചത്. കോതമംഗലം റവന്യു ടവറിന് എതിർ വശത്തുള്ള പാലക്കാടൻ സൈമണിൻ്റെ ഉടമസ്ഥതയിലുള്ള പൈനിയർ ബാങ്കിലാണ് സാമൂഹ്യ വിരുദ്ധർ അഗ്നിക്കിരയാക്കിയത്. കഴിഞ്ഞ കുറേ നാളുകളായി ഇരുപതോളം വരുന്ന സാമുഹ്യ വിരുദ്ധ സംഘം പ്രദേശത്ത് തമ്പടിക്കുകയും വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതും പതിവാണ്.
നിരവധി കേസിലെ പ്രതികളും, ജയിൽ ശിക്ഷ ലഭിച്ചവരും ഉൾപ്പടെയുള്ളവരാണ് ഈ ക്രിമിനൽ സംഘത്തിലുള്ളത്. നഗരത്തിലെ മദ്യവും മയക്ക് മരുന്നു വസ്തുക്കളുടേയും മുഖ്യ ഇടനിലക്കാരാണ് ഇവർ. കൊവിഡ് കാലത്തും ഇവർ കടകളുടെ വരാന്തയിൽ മാസ്ക് ധരിക്കാതെ കൂട്ടം കൂടി തമ്പടിക്കുകയും മദ്യപിച്ച് ഭക്ഷണ വേയ്സ്റ്റ് കടകൾക്ക് മുന്നിൽ നിക്ഷേപിക്കുകയും, അവിടെെ തന്നെ കിടന്ന് ഉറങ്ങുകയും ചെയ്യും.
വ്യാപാരികൾ ആരെങ്കിലും ഇവരോട് എതിരായിപ്രതികരിച്ചാൽ സംഘം ചേർന്ന് കടകൾക്ക് മുന്നിൽ ചെന്ന് അസഭ്യവർഷം നടത്തും. ഇത്തരത്തിൽ സംഘാംഗമായ തങ്കളം സ്വദേശി സംഭവതലേന്ന് ധനകാര്യ സ്ഥാപനത്തിലെ സ്ത്രീകളെ അപമാനിച്ചിരുന്നു. ഇതിനെതിരെ വാടക ഉടമക്ക് പരാതി നൽകിയതിൻ്റെ പകപോക്കാലാണ് കട കത്തിക്കലിന് പിന്നിലെന്ന് സംശയിക്കുന്നു.
സ്ഥാപനത്തിന് ഉള്ളിലേക്ക് തീപടർന്നിരുന്നെങ്കിൽ സമീപത്തെ കടകൾ അഗ്നിക്കിരയാകുമായിരുന്നു. സ്ഥാപന ഉടമയുടെ പരാതിയെ തുടർന്ന് കോതമംഗലം പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.സി.സി കാമറയിൽ പതിഞ്ഞ പ്രതികളുടെ ചിത്രങ്ങൾ പരിശോധിച്ച് വരുന്നു.