കോതമംഗലം : കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസിന്റെ രണ്ടാം റീച്ചിലെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്നോടിയായി ഉന്നത തല സംഘം സ്ഥലം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ഒന്നാം പിണറായി സർക്കാരിന്റെ 2019-20 സംസ്ഥാന ബഡ്ജറ്റിൽ ബൈപ്പാസിന്റെ രണ്ടാം റീച്ചിലെ നിർമ്മാണത്തിനായി 10 കോടി രൂപയാണ് അനുവദിച്ചിരുന്നത്. കലാ ഓഡിറ്റോറിയം മുതൽ കോഴിപ്പിള്ളി വരെ വരുന്നതാണ് രണ്ടാം റീച്ച്. ആന്റണി ജോൺ എം എൽ എ യുടെ ആവശ്യ പ്രകാരം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് പൊതുമരാമത്ത് റോഡ്സ് വിഭാഗം ചീഫ് എഞ്ചിനീയർ അടങ്ങുന്ന ഉന്നത തല ഉദ്യോഗസ്ഥ സംഘം പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചത്. ഒന്നാം റീച്ചിലെ നിർമ്മാണ പ്രവർത്തങ്ങൾ പൂർത്തീകരണ ഘട്ടത്തിലാണ്.
പൊതുമരാമത്ത് റോഡ്സ് വിഭാഗം ചീഫ് എഞ്ചിനീയർ അജിത്ത് രാമചന്ദ്രൻ,ദക്ഷിണ മേഖല സൂപ്രണ്ടിങ് എഞ്ചിനീയർ ജയ പി റ്റി,മുവാറ്റുപുഴ റോഡ്സ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഷിജി കരുണാകരൻ,അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഷാജീവ് എസ്,അസിസ്റ്റന്റ് എഞ്ചിനീയർ അരുൺ എം എസ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.ആന്റണി ജോൺ എം എൽ എ,മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി,വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ് എന്നിവരുടെ സാന്നിധ്യത്തിലാണ് സംഘം പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചത്.