കോതമംഗലം : തങ്കളം -മലയൻകീഴ് ബൈപാസിൽ ബിവറേജസ് ഔട്ട്ലെറ്റിന് മുൻപിലെ ഗതാഗത കുരുക്ക് അടിയന്തിരമായി പരിഹരിക്കണമെന്ന് കോതമംഗലം ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.
വൈകുന്നേരങ്ങളിൽ ഔട്ട്ലെറ്റിനു മുൻപിൽ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. മൂന്നാർ ഉൾപ്പടെ ഉള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ആയിരകണക്കിന് വാഹനങ്ങൾ ദിനംപ്രതി ഇതിലൂടെയാണ് കടന്നു പോകുന്നത്. ഇവിടുത്തെ തിരക്ക് മൂലം കാൽനട യാത്ര പോലും ദുഷ്കരമാണ്. ഇവിടെ ട്രാഫിക് നിയന്ത്രിക്കുന്നതിന് പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ കോതമംഗലം പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർക്ക് പരാതി നൽകി.
പരാതി സ്വീകരിച്ച സ്റ്റേഷൻ ഹൗസ് ഓഫീസർ ഉടൻ തന്നെ ക്രമീകരണങ്ങൾ ഏർപ്പെടുത്താമെന്ന് ഭാരവാഹികളായഅഡ്വ. രാജേഷ് രാജൻ, ജോർജ് എടപ്പാറ, ഡോ. ലിസി ജോസ്, എബിൻ അയ്യപ്പൻ, ബോബി ഉമ്മൻ എന്നിവർക്ക് ഉറപ്പ് നൽകി.