കോതമംഗലം : ആലുവ – മൂന്നാർ റോഡിൽ തങ്കളം ഭാഗത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിനു വേണ്ടിയുള്ള ആദ്യ ഘട്ട പ്രവർത്തികൾക്ക് തുടക്കമായി.കഴിഞ്ഞ ദിവസം സ്ഥലമുടമകളുമായി എംഎൽഎ നടത്തിയ ചർച്ചയുടെ ഭാഗമായി എടുത്ത തീരുമാന പ്രകാരമാണ് പ്രവർത്തികൾ അടിയന്തിരമായി ആരംഭിച്ചത്.എ എം റോഡിൽ നിന്നും താഴേക്ക് ഒഴുകി എത്തുന്ന തോടും,റോട്ടറി ക്ലബ്ബിൻ്റെ ഭാഗത്ത് നിന്നും ഒഴുകി എത്തുന്ന തോടും സംഗമിക്കുന്ന ഭാഗത്തുള്ള 4 അടി മാത്രം വീതിയുണ്ടായിരുന്ന തോട് 27 അടി വീതിയിലും,10 അടി താഴ്ചയിലും,30 മീറ്റർ നീളത്തിലും അടിയന്തിരമായി നിർമ്മിച്ച് ആലുവ മൂന്നാർ റോഡിലൂടെ ഒഴുകുന്ന തോട്ടിലെ ചെളി ഹിറ്റാച്ചി ഉപയോഗിച്ച് നീക്കം ചെയ്തുമാണ് സുഗമമായി വെള്ളമൊഴുക്കുന്നതിനു വേണ്ട ആദ്യഘട്ട നടപടി ആരംഭിച്ചത്.
തുടർ ഘട്ടമായി വെള്ളത്തിൻ്റെ സുഗമമായ ഒഴുക്കിന് വേണ്ടി നിലവിലുള്ള തോടിൻ്റെ ബാക്കി ഭാഗം വീതിയും,ആഴവും വർദ്ധിപ്പിക്കുന്നതിൻ്റേയും ചെറിയ തോടുകൾ തെളിക്കുന്നതടക്കുള്ള പ്രവർത്തികൾ ആരംഭിക്കുന്നതിനു വേണ്ട നടപടികൾ തുടർച്ചയിൽ സ്വീകരിക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്.ഇതിനായി സ്ഥലമുടമകളുമായി കൂടി ആലോചിച്ച് തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനു വേണ്ടി നാളെ അവലോകന യോഗം ചേരുവാനുംതീരുമാനമായി.
ആൻ്റണി ജോൺ എംഎൽഎ,തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ്,കോതമംഗലം വില്ലേജ് ഓഫീസർ കെ എൻ അനിൽ കുമാർ,തൃക്കാരിയൂർ വില്ലേജ് ഓഫീസർ പി എം റഹീം,താലൂക്ക് സർവ്വെയർ ഷെറീന പി എ,മുനിസിപ്പൽ കൗൺസിലർമാരായ കെ എ നൗഷാദ്, സലിം ചെറിയാൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.