കോതമംഗലം: 24.01.21 തിയതി രാവിലെ കോതമംഗലം തങ്കളം – മലയിൻകീഴ് ബൈപ്പാസ് റോഡരികിൽ മൃതദേഹം കണ്ടെത്തിയതു സംബന്ധിച്ച് പൊലീസ് നടത്തിയ അന്വഷണത്തിൽ
കെട്ടിടത്തിൽ നിന്നും വീണ് പരിക്ക് പറ്റി മരിച്ച തിരുവനന്തപുരം കാട്ടാക്കട മലയൻകീഴ് ചെഞ്ചേരി വീട്ടിൽ ബിജുവിൻ്റെ മൃതദേഹം ടിയാൻ്റ സുഹ്യത്തുക്കൾ തന്നെ വഴിയിൽ ഉപേക്ഷിച്ചതാണെന്ന് വ്യക്തമായി. മൃതദേഹം വഴിയരികിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഊഞ്ഞാപ്പാറ നെടുമ്പിള്ളിക്കുടി വീട്ടിൽ പദ്മനാഭൻ മകൻ ശ്രീജിത്ത് ശ്രീക്കുട്ടൻ (36), ഇഞ്ചൂർ മനക്കപ്പറമ്പിൽ വീട്ടിൽ മുരികേശൻ മകൻ കുമാരൻ (59), കുറ്റിലഞ്ഞി പുതുപ്പാലം ഭാഗത്ത് കിഴക്ക്കുന്നേൽ വീട്ടിൽ അയ്യപ്പൻ നായർ മകൻ അനിൽകുമാർ (45) എന്നിവരെ കോതമംഗലം പോലീസ് പിടികൂടി.
മരണപ്പെട്ടയാളും പ്രതികളും ഒരുമിച്ച് കുമാരൻ്റെ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് അടിമാലി, കട്ടപ്പന, നെടുങ്കണ്ടം ഭാഗങ്ങളിൽ കടകളുടെ റോളിംഗ് ഷട്ടറിന് ഗ്രീസ് ഇടുന്ന ജോലിയിൽ ഏർപ്പെട്ട് വരികയായിരുന്നു. വരുമാനം മുഴുവനും മദ്യപാനത്തിന് വിനിയോഗിച്ച് കറങ്ങി നടക്കുന്ന രീതിയായിരുന്നു ഇവർക്ക്. 23.01.21 തിയതി അടിമാലി ഭാഗത്ത് ജോലി കഴിഞ്ഞ് എല്ലാവരും കൂടി അമിതമായി മദ്യപിച്ച ശേഷം വൈകിട്ട് 7 മണിയോടെ അടിമാലി മഠംപടി ഭാഗത്ത് ഒരു ലോഡ്ജിൽ മുറി അന്വേഷിച്ച് ഇവർ ചെന്ന സമയം ബിജു കാൽവഴുതി കെട്ടിടത്തിൻ്റെ റോഡ് നിരപ്പിലുള്ള നാലാം നിലയിൽ നിന്നും രണ്ടാം നിലയുടെ മുന്നിലുള്ള മുറ്റത്തേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്കും ശരീരമാസകലവും ഗുരുതര പരിക്കുകൾ പറ്റിയ ബിജുവിനെ ആശുപത്രിയിൽ കൊണ്ടു പോവുകയാണെന്ന് സമീപവാസികളോട് പറഞ്ഞേ ശേഷം പരിക്കേറ്റ ബിജുവിനേയും ഓട്ടോറിക്ഷയിൽ കയറ്റി പ്രതികൾ അവിടെ നിന്നും കടന്നു കളയുകയായിരുന്നു.
യാത്രക്കിടെ ബിജു മരിച്ചു എന്ന് മനസ്സിലാക്കിയ പ്രതികൾ രാത്രിയോടെ കോതമംഗലം ഭാഗത്ത് എത്തി തങ്കളം ബൈപ്പാസിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. വർഷങ്ങൾക്ക് മുൻപ് നാടുവിട്ട് കോതമംഗലത്ത് എത്തി ആദ്യ കാലങ്ങളിൽ നഗരത്തിൽ ചെമ്മീൻ വില്പന നടത്തിയി ചെമ്മീൻ ബിജു എന്ന വിളിപ്പേരുള്ള ബിജു കോതമംഗലം നിവാസികൾക്ക് സുപരിചിതനായിരുന്നു. മൃതദേഹത്തിൽ പരിക്കുകൾ കണ്ടെത്തിയതിനെ തുടർന്ന് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മനസിലാക്കി ബിജുവിൻ്റെ കൂട്ടുകാരെ കേന്ദ്രീകരിച്ചുള്ള പൊലീസിൻ്റെ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. അന്വഷണത്തിൽ പ്രതികൾ നെടുങ്കണ്ടത്ത് ഉണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് അവിടെയെത്തി പ്രതികളെ പിടികൂടുകയും മൃതദേഹം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷ കണ്ടെത്തുകയും ചെയ്തു.
ബിജുവിനെ ആശുപത്രിയിൽ ആക്കിയാൽ കൈയിൽ നിന്നും പണം ചെലവാക്കേണ്ടി വരുമെന്നതിനാലാണ് പ്രതികൾ അതിന് തയ്യാറാകാതിരുന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ വെളിപ്പെടുത്തി. ഇൻസ്പെക്ടർ അനിൽ ബി യുടെ നേതൃത്വത്തിൽ SI ശ്യാംകുമാർ, ഷാജു ഫിലിപ്പ്, ASI നിജു ഭാസ്കർ, ഷാജി കുര്യാക്കോസ്, രഘുനാഥ്, മുഹമ്മദ്, പൊലീസുകാരായ രഞ്ജിത്ത്, ആസാദ്, നിശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.