കോതമംഗലം :കോതമംഗലത്തെ സമഗ്ര വികസനത്തിനും,ജനകീയ വിഷയങ്ങളിലും ഇടപെടുന്നതിനായി രൂപീകരിച്ച കോതമംഗലം ജനകീയ കൂട്ടായ്മ തങ്കളം ബൈപാസിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോതമംഗലം തഹസീൽദാർക്ക് നിവേദനം നൽകി. ഒരു മഴ പെയ്താൽ തങ്കളം ജംഗ്ഷൻ പരിസരത്തും ബൈപാസിലും വലിയ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ട് ജനജീവിതം ദുസ്സഹം ആകുന്നത് പതിവാണ്. അതോടൊപ്പം വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും മറ്റും വള്ളം കയറി ലക്ഷകണക്കിന് രൂപയുടെ നാശ നഷ്ടങ്ങൾ ഉണ്ടാകുന്നതും പതിവാണ്.
കാൽനട യാത്രക്കാർക്ക് പോലും ഇതിലൂടെ നടക്കാൻ പറ്റാത്ത സാഹചര്യം ആണ് ഉണ്ടാകുന്നത്. ഈ ദുരവസ്ഥക്ക് എത്രയും പെട്ടന്ന് പരിഹാരം ആവശ്യപ്പെട്ടാണ് ജനകീയ കൂട്ടായ്മ നിവേദനം നൽകിയത്. നിവേദനം സ്വീകരിച്ച തഹസീൽദാർ ഉടൻതന്നെ നടപടികൾ സ്വീകരിക്കുമെന്ന് ഭാരവാഹികൾക്ക് ഉറപ്പ് നൽകി. തുടർ നടപടികൾ ഉണ്ടായില്ലെങ്കിൽ ഹൈ കോടതിയെ സമീപിക്കുമെന്ന് നിവേദനം നൽകികൊണ്ട് സമതി ഭാരവാഹികളായ അഡ്വ. രാജേഷ് രാജൻ, ജോർജ് എടപ്പാറ, ഡോ. ലിസി ജോസ്, എബിൻ അയ്യപ്പൻ, ബോബി ഉമ്മൻ എന്നിവർ അറിയിച്ചു.