കോതമംഗലം:- കോതമംഗലം താലൂക്കിലെ റീ സർവ്വെ നടപടികൾ വേഗത്തിൽ ആരംഭിക്കണ ആവശ്യം ആന്റണി ജോൺ എംഎൽഎ നിയമസഭയിൽ ഉന്നയിച്ചു. റീ സർവ്വെ നടപടികൾ ആരംഭിക്കാത്തതിനാൽ കോതമംഗലം താലൂക്കിലെ ജനങ്ങൾ വിവിധ വിഷയങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് എംഎൽഎ വിഷയം നിയമസഭയിൽ ഉന്നയിച്ചത്. ഇത്തരത്തിൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനു വേണ്ടി കോതമംഗലം താലൂക്കിൽ റീ സർവ്വെ നടപടികൾ വേഗത്തിൽ ആരംഭിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.സംസ്ഥാനത്ത് ആകെയുള്ള 77 താലൂക്കുകളിൽ 24 താലൂക്കിലെ റീ സർവ്വെ പ്രവർത്തനം പൂർണ്ണമായും പൂർത്തീകരിച്ചിട്ടുണ്ടെന്നും കോതമംഗലം ഉൾപ്പെടെ ഇനി 53 താലൂക്കുകളിൽ റീ സർവ്വെ നടപടികൾ പൂർത്തീകരിക്കുവാനുണ്ടെന്നും 19 താലൂക്കുകളിൽ റീ സർവ്വെ നടപടികൾ നിലവിൽ നടന്നു വരികയാണെന്നും ബഹു:റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ നിയമസഭയിൽ അറിയിച്ചു.
എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ ആകെയുള്ള 13 വില്ലേജുകളിൽ കുട്ടമ്പുഴ വില്ലേജിന്റെ റീ സർവ്വെ മാത്രമാണ് പൂർത്തിയാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.റീ സർവ്വെ ജോലികൾക്കുപരിയായി എറണാകുളം ജില്ലയിലെ സർവ്വെയർമാരിൽ ഭൂരിഭാഗം ജീവനക്കാരെയും സ്പെഷ്യൽ സർവ്വെ, എൽ എ ജോലികൾ, എൽ ആർ എം ജോലികൾ,എൻ എച്ച് ജോലികൾ എന്നിവയ്ക്കായും നിയോഗിച്ച് വരുന്നതായുള്ള സാഹചര്യവും ഉള്ളതിനാലാണ് റീ സർവ്വെ നടപടികൾ വൈകുന്നത് എന്നും 10/05/2018 ലെ സ.ഉ.(എം.എസ്) നം 181/2018/റവന്യൂ ഉത്തരവ് പ്രകാരം അംഗീകൃത ഏജൻസികളെ നിയോഗിച്ച് സർവ്വെ ചെയ്യുന്നതിനുള്ള അനുമതി നൽകിയിട്ടുള്ള പ്രകാരം നടപടി സ്വീകരിക്കുമ്പോൾ കോതമംഗലം താലൂക്കിലെ റീ സർവ്വെ നടപടികൾ ആരംഭിക്കുവാൻ സാധിക്കുന്നതാണെന്നും ബഹു: റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ ആന്റണി ജോൺ എംഎൽഎയെ നിയമസഭയിൽ അറിയിച്ചു.
You must be logged in to post a comment Login