കോതമംഗലം : 2022 മാർച്ച് മാസത്തെ താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ വെച്ച് നടത്തപ്പെട്ടു. യോഗത്തിൽ കോട്ടപ്പടി, കീരംപാറ പഞ്ചായത്തുകളിലെ രൂക്ഷമായ വന്യമൃഗശല്യം നേരിടുന്നതിനു അടിയന്തര നടപടി സ്വീകരിക്കുന്നതിന് വനം വകുപ്പിന് എം എൽ എ നിർദ്ദേശം നൽകി. റഷ്യ, ഉക്രയിൻ യുദ്ധം മൂലം ഉക്രയിനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി നാട്ടിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ടെന്നും കോതമംഗലം താലൂക്ക് പ്രദേശത്തുനിന്നും ഉള്ള ഏകദേശം നാല്പതോളം വിദ്യാർത്ഥികളിൽ കുറച്ചു പേരെ ഇതിനകം നാട്ടിലെത്തിക്കാനായെന്നും ബാക്കിയുള്ളവർക്കായി അടിയന്തര നടപടികൾ സ്വീകരിച്ചു വരികയാണെന്നും എം എൽ എ യോഗത്തെ അറിയിച്ചു.
കൂടാതെ കുടിവെള്ളക്ഷാമം നേരിടുന്ന കോട്ടപ്പടി,വാരപ്പെട്ടി പഞ്ചായത്ത് പ്രദേശങ്ങളിൽ വെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശം നൽകി.പഞ്ചായത്ത് പ്രസിഡന്റുമാർ,ജില്ലാ പഞ്ചായത്ത് അംഗങ്ങൾ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,തഹസിൽദാർ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.