കോതമംഗലം : ഡിജിറ്റൽ സർവ്വെയുടെ രണ്ടാം ഘട്ടത്തിൽ കോതമംഗലം താലൂക്കിലെ കൂടുതൽ വില്ലേജുകളെ ഉൾപ്പെടുത്തി റീസർവ്വേ നടപടികൾ പൂർത്തീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിയമസഭയിൽ വ്യക്തമാക്കി. ഡിജിറ്റൽ സർവ്വേയുടെ ഭാഗമായി കോതമംഗലം താലൂക്കിലെ കൂടുതൽ വില്ലേജുകളെ ഉൾപ്പെടുത്തി റീസർവ്വേ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് ആവശ്യ പ്പെട്ട് ആന്റണി ജോൺ എം എൽ എ ഉന്നയിച്ച നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 13 വില്ലേജുകൾ ഉൾപ്പെടുന്ന കോതമംഗലം താലൂക്കിൽ കുട്ടമ്പുഴ ഒഴികെ ബാക്കി 12 വില്ലേജുകളിലും റീസർവ്വേ നടപടികൾ പൂർത്തീകരിച്ചിട്ടില്ല എന്ന കാര്യം എം എൽ എ സഭയുടെ ശ്രദ്ധയിൽപെടുത്തി.
നൂറ് വർഷത്തോളം പഴക്കമുള്ളതും തിരുവിതാംകൂർ രാജാവിന്റെ കാലത്ത് തയ്യാറാക്കിയിട്ടുള്ളതുമായ റെക്കോഡുകളാണ് റീസർവ്വേ പൂർത്തീകരിക്കാത്ത 12 വില്ലേജുകളിലും നിലവിലുള്ളതെന്നും ഇതുമൂലം പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ സ്ഥലമുടമകൾ നേരിടുന്ന കാര്യവും എം എൽ എ ചൂണ്ടിക്കാട്ടി.ആയതിനാൽ നിലവിൽ സംസ്ഥാനത്ത് റീസർവ്വേ നടപടികൾ പൂർത്തിയാക്കുന്നതിനു വേണ്ടി നടപ്പിലാക്കി വരുന്ന ഡിജിറ്റൽ സർവ്വേയിൽ കോതമംഗലം താലൂക്കിലെ കൂടുതൽ വില്ലേജുകൾ ഉൾപ്പെടുത്തി താലൂക്കിലെ റീസർവ്വേ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്നും എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.കോതമംഗലം താലൂക്കിൽ റീസർവ്വേ നടപടികൾ പൂർത്തീകരിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.സംസ്ഥാനത്ത് എല്ലാ വില്ലേജുകളുടെയും ഡിജിറ്റൽ സർവ്വേ നാലുവർഷം കൊണ്ട് പൂർത്തിയാക്കുന്നതിനുള്ള പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്.
സർവ്വേ പൂർത്തിയാകാത്ത വില്ലേജുകളിൽ എല്ലാ ഭൂമികളുടെയും മാപ്പുകൾ ലഭ്യമല്ലാത്തതാണ്.ഭൂമി ഉടമസ്ഥർക്ക് വിവിധ ആവശ്യങ്ങൾക്കായി തങ്ങളുടെ ഭൂമി ഈട് വച്ച് സാമ്പത്തിക ആവശ്യങ്ങൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നേടുന്നതിന് നാളതീകരിച്ച മാപ്പ് ആവശ്യമാണ്.ഇത്തരത്തിൽ റീസർവേ റെക്കോർഡുകൾ ലഭ്യമല്ലാത്ത വില്ലേജുകളിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ സ്ഥലമുടമകൾ നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ആയതിനാലാണ് സംസ്ഥാനത്ത് നാലു വർഷക്കാലം കൊണ്ട് പൂർത്തീകരിക്കുന്ന ഡിജിറ്റൽ സർവ്വേ നടപടികൾക്ക് സർക്കാർ തുടക്കം കുറിക്കുന്നത്.807.98 കോടി രൂപയുടെ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നല്കി ആദ്യ ഘട്ടത്തിനായി 339.438 കോടി രൂപയുടെ ഭരണാനുമതി നല്കിയിട്ടുണ്ട്.ഡിജിറ്റൽ സർവ്വെ പൂർത്തിയാകുന്നതോടെ ഇത്തരം ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരം ഉണ്ടാകുന്നതാണ്.
സംസ്ഥാനത്തെ എല്ലാ വില്ലേജുകളുടേയും സർവ്വെ റെക്കോഡുകൾ കാലഘട്ടത്തിനനുസൃതമായി ഓൺലൈൻ സേവനം സാധ്യമാക്കുന്നതിന് ഡിജിറ്റൽ സർവ്വെ പൂർത്തിയായ 89 വില്ലേജുകളും,ഡിജിറ്റൽ സർവ്വെ പുരോഗതിയിലുള്ള 27 വില്ലേജുകളും ഒഴിവാക്കി ശേഷിക്കുന്ന 1550 വില്ലേജുകളുടെ ഡിജിറ്റൽ സർവ്വെ നാല് വർഷം കൊണ്ട് പൂർത്തീകരിക്കുന്നതിനുള്ള പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. ടി പദ്ധതിയുടെ ഭാഗമായി കോതമംഗലം താലൂക്കിലെ വില്ലേജുകൾ ഉൾപ്പെടെ സംസ്ഥാനത്തിന്റെ എല്ലാ വില്ലേജുകളുടേയും ഡിജിറ്റൽ സർവ്വേ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
പ്രസ്തുത പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ തെരെഞ്ഞെടുത്തിട്ടുള്ള 200 വില്ലേജുകളിൽ എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ പല്ലാരിമംഗലം വില്ലേജിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.ഡിജിറ്റൽ സർവ്വേയുടെ രണ്ടാം ഘട്ടത്തിൽ കോതമംഗലം താലൂക്കിൽ കൂടുതൽ വില്ലേജുകൾ ഉൾപ്പെടുത്തി താലൂക്കിലെ റീ സർവ്വെ നടപടികൾ പൂർത്തിയാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചു.