കോതമംഗലം : കോതമംഗലം സബ് രജിസ്ട്രാർ ഓഫീസ് നിർമ്മാണം വൈകിയതിനാൽ കരാറുകാരനിൽ നിന്നും ഒന്നേ മുക്കാൽ ലക്ഷം രൂപ പിഴ ഈടാക്കിയതായി മന്ത്രി വി എൻ വാസവൻ നിയമസഭയിൽ വ്യക്തമാക്കി.ആൻ്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.കോതമംഗലത്തെ പുതിയ സബ് രജിസ്ട്രാർ ഓഫീസ് നിർമാണത്തിൻ്റെ നിലവിലെ സ്ഥിതി സംബന്ധിച്ചും,നിർമ്മാണത്തിൽ ഉണ്ടാകുന്ന കാലതാമസം മൂലം നിർമ്മാണ പൂർത്തീകരണം അനന്തമായി നീണ്ടുപോകുന്നതും എം എൽ എ സഭയുടെ ശ്രദ്ധയിൽപ്പെടുത്തി.കോതമംഗലം സബ് രജിസ്ട്രാർ ഓഫീസിൻ്റെ നിർമ്മാണം അടിയന്തിരമായി പൂർത്തീകരിക്കുവാൻ നടപടി സ്വീകരിക്കണമെന്നും എം എൽ എ സഭയിൽ ആവശ്യപ്പെട്ടു.കിഫ്ബി പദ്ധതിയിൽ ഉൾപെടുത്തി നിർമ്മാണം നടക്കുന്ന കോതമംഗലം സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിൻ്റെ കോർട്ട് യാർഡിൻ്റെ ടൈൽ വർക്കുകൾ,കുഴൽ കിണർ,മഴവെള്ള സംഭരണി എന്നിവ ഒഴികെ മറ്റു നിർമാണ ജോലികളെല്ലാം പൂർത്തിയായിട്ടുണ്ട്.റിക്കാർഡ് റൂമിലെ കോംപാക്ടർ സംവിധാനം,ലിഫ്റ്റ് സംവിധാനം എന്നിവ സ്ഥാപിച്ചിട്ടില്ല.
പൊതു ജനങ്ങൾക്കുള്ള വാഹന പാർക്കിങ്ങ് സൗകര്യം,റാമ്പ്,ശുചിമുറികൾ,വെയിറ്റിംഗ് റൂം,റിക്കാർഡ് റൂമിലെ കോംപാക്ടർ,ലിഫ്റ്റ്,കുഴൽക്കിണർ,മഴവെള്ള സംഭരണി എന്നീ സൗകര്യങ്ങൾ പുതിയ സബ് രജിസ്ട്രാർ ഓഫീസിൽ തയ്യാറാക്കുന്നുണ്ട്.നിർമ്മാണം പൂർത്തിയാക്കുവാൻ കാലതാമസം വരുത്തിയ കരാറുകാരന് ഒന്നേ മുക്കാൽ ലക്ഷം രൂപ പിഴ ഈടാക്കുകയും നിർമ്മാണ ജോലികൾ വേഗത്തിലാക്കുവാൻ കർശന നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.നിർമ്മാണ ജോലികൾ വേഗത്തിലാക്കാൻ കർശന നിർദേശം നൽകിയതായും,2022 ജൂലായ് മാസം 31-ാം തീയതിയോടുകൂടി നിർമ്മാണം പൂർത്തീകരിക്കുവാൻ സാധിക്കുമെന്നും മന്ത്രി വി എൻ വാസവൻ ആൻ്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.