കോതമംഗലം: – കോതമംഗലം റവന്യു ടവറിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; പട്ടാപ്പകൽ നടന്ന ആക്രമണത്തിൽ പിടിച്ചുമാറ്റാൻ ശ്രമിച്ചയാൾക്കും വെട്ടേറ്റു. റവന്യു ടവറിൽ ഇൻ്റർനെറ്റ് കഫേനടത്തുന്ന പിണ്ടിമന സ്വദേശി വിഷ്ണുവിനാണ് പരിക്കേറ്റത്. സമീപത്തെ മറ്റൊരു സ്ഥാപനത്തിലെ ജീവനക്കാരനായ പുന്നേക്കാട് സ്വദേശി സുരാജിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. പിടിച്ചു മാറ്റാൻ ചെന്ന മുഹമ്മദിനും വെട്ടേറ്റു.
ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. വാക്കത്തിയുമായി കഫേയിലെത്തിയ സുരാജ് വിഷ്ണുവിന്റെ മുഖത്തു മുളകുപൊടി എറിഞ്ഞശേഷം വാക്കത്തിക്കു വെട്ടുകയായിരുന്നു. സുരാജ് വാക്കത്തിയുമായി വരുന്നതിൻ്റെ CCTV ദൃശ്യം ലഭിച്ചിട്ടുണ്ട്. കൈക്ക് സാരമായി പരിക്കേറ്റ വിഷ്ണുവിനെയും കാലിനു പരിക്കേറ്റ മുഹമ്മദിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണം തടയാൻ വന്നവർക്കെതിരെ വാക്കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ ഒടുവിൽ സമീപത്തെ സ്ഥാപനങ്ങളിലും മറ്റും ഉണ്ടായിരുന്നവർ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.
വിഷ്ണുവും സുരാജും തമ്മിൽ നേരത്തേ വ്യക്തിവിരോധമുണ്ടായിരുന്നുവെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന സൂചന.
കോതമംഗലം സർക്കിൾ ഇൻസ്പെക്ടർ PT ബിജോയ് യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, വിരലടയാള വിദഗ്ദ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.