കോതമംഗലം : വിസ തട്ടിപ്പ് കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കോതമംഗലം മാതിരപ്പിള്ളി നീലംപുഴ വീട്ടിൽ തോമസ് എൻ ഐസക് (51), തമിഴ്നാട് തിരിച്ചിറപ്പിള്ളി ഒരയൂർ പ്രദീപ് കുമാർ (42) നെയുമാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഓസ്ട്രേലിയയിലേക്കുള്ള വിസ സംഘടിപ്പിച്ചു നൽകാമെന്നു പറഞ്ഞ് നിരവധി ആളുകളിൽ നിന്നും ഒരു കോടിയിലേറെ രൂപയാണ് ഇവർ കൈക്കലാക്കിയത്. കോതമംഗലം സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. മൂവാറ്റുപുഴയിൽ കോളേജിൽ അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു തോമസ്. ഇയാളുടെ സുഹൃത്തായ പ്രദീപ് തമിഴ്നാട്ടിൽ കായിക അധ്യാപകനാണ്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ തമിഴ്നാട്ടിലെ ട്രിച്ചിയിൽ നിന്നുമാണ് പിടികൂടിയത്.കാളിയാർ, തൊടുപുഴ സ്റ്റേഷനുകളിൽ സമാനമായ കേസുകൾ ഇവർക്കെതിരെയുണ്ട്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പി.റ്റി. ബിജോയി, എസ്ഐ മാരായ ഷാഹുൽ ഹമീദ്, ആൽബിൻ സണ്ണി, എ എസ് ഐ സ്വരാജ്, എസ് സി പി ഒ മാരായ സലിം പി ഹസ്സൻ, സുഭാഷ് ചന്ദ്രൻ എന്നിവരാണ് ഉണ്ടായിരുന്നത്.
