പിണ്ടിമന: കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ ഭാരതീയ പ്രകൃതി കൃഷിയുടെ ഭാഗമായി സുഭിക്ഷം സുരക്ഷിതത്തിലൂടെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി പ്രകാരം അമ്പത് സെൻ്റ് സ്ഥലത്ത് സമ്പൂർണ്ണ ജൈവകൃഷിയൊരുക്കി മാതൃകയായിരിക്കുകയാണ് പിണ്ടിമനയിലെ മാലിയിൽ എം.ജെ.കുര്യൻ എന്ന കർഷകൻ. വർഷങ്ങളായി തൻ്റെ കൃഷിഭൂമിയിൽ ജൈവ രീതിയിൽ മാത്രം കൃഷി രീതികൾ അവലംബിച്ച് മികച്ച വിളവ് നേടിക്കൊണ്ടിരിക്കുന്ന ഈ കർഷകൻ ഈ വർഷം കുക്കുമ്പർ, പയർ, പടവലം പാവൽ, തുടങ്ങീ വിവിധ തരത്തിലുള്ള മികച്ച യിനം പച്ചക്കറി ഇനങ്ങളാണ് കൃഷി ചെയ്തുവരുന്നത്. വിളവെടുക്കുന്ന പച്ചക്കറികൾ പിണ്ടിമന കൃഷിഭവൻ്റെ കീഴിലുള്ള പച്ചക്കറി വിപണനസംഭരണ കേന്ദ്രം വഴി വിറ്റഴിക്കുന്നു.
പച്ചക്കറി കൃഷികൾക്ക് പുറമെ തേനീച്ച വളർത്തൽ മണ്ണിര കമ്പോസ്റ്റ് നിർമ്മാണം ,ഫലവൃക്ഷപരിപാലനം, ഗ്രോബാഗ് കൃഷികൾ, അലങ്കാര സസ്യ പരിപോഷണം തുടങ്ങീയവയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കർഷകനാണിത്. പിണ്ടിമന അത്താണിക്കൽ സ്കൂളിൽ നിന്നും അദ്ധ്യാപകവൃത്തിയിൽ നിന്നും വിരമിച്ച ശേഷം പൂർണ്ണ ജൈവ കൃഷിയിലേക്ക് ഇറങ്ങിയ ഈ കർഷകനെ സഹായിക്കാൻ ഭാര്യ ജെമിനി ടീച്ചറും മുൻപന്തിയിലുണ്ട്,
വിളവെടുപ്പ് ഉത്സവം ആൻ്റണി ജോൺ എം.എൽ.എ ഉത്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി.സിന്ധു, ബ്ലോക്ക് – ഗ്രാമപഞ്ചായത്തംഗങ്ങളായ ലിസി ജോസഫ്, സിബിപോൾ, മേരി പീറ്റർ, വിത്സൺ ജോൺ, റ്റി.കെ.കുമാരി, സിജി ആൻ്റണി, കാർഷിക വികസന സമിതിയംഗങ്ങളായ എം.ജെ ഐസക്ക്, മഹിപാൽ മാതാളിപ്പാറ, രാധ മോഹനൻ, ഷാജു തവരക്കാട്ട് എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ ഇ.എം അനീഫ സ്വാഗതവും കൃഷി അസിസ്റ്റൻ്റ് വി.കെ.ജിൻസ് നന്ദിയും പറഞ്ഞു.