കോതമംഗലം : ആലുവ – മൂന്നാർ റോഡിൽ കോതമംഗലം മുതൽ പെരുമ്പാവൂർ വരെയുള്ള റോഡിന്റെ ആധുനിക രീതിയിലുള്ള നവീകരണത്തിനായി ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി 12.26 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. BM BC ചെയ്താണ് റോഡ് നവീകരിക്കുന്നത്. സ്റ്റേറ്റ് ഹൈവേ ആയ ആലുവ – മൂന്നാർ റോഡ് കിഫ്ബിയിൽ ഉൾപ്പെടുത്തി നവീകരിക്കുവാനാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളത്. പ്രസ്തുത റോഡ് നാലുവരി പാതയായി നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് നടപടി ക്രമങ്ങളുടെ കാലതാമസം നേരിടുന്നത് മൂലം കിഫ്ബി ഫണ്ട് ഉപയോഗിച്ച് കൊണ്ടുള്ള നവീകരണം നീണ്ടു പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഈ സാഹചര്യത്തിൽ ആണ് റോഡ് അടിയന്തിരമായി നവീകരിക്കുന്നതിന് ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി സർക്കാർ 12.26 കോടി രൂപ അനുവദിച്ചത്. ടെണ്ടർ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും MLA അറിയിച്ചു.