- ഷാനു പൗലോസ്
കോതമംഗലം: ഓടക്കാലി സെന്റ്.മേരീസ് യാക്കോബായ സുറിയാനി പള്ളി മലങ്കര ഓർത്തഡോക്സ് സഭക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഓർത്തഡോക്സ് സഭ നൽകിയ കേസിന്റെ വാദം ഇന്നും പൂർത്തിയായില്ല.
കേസ് വാദത്തിനെടുത്തപ്പോൾ തന്നെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഓർത്തഡോക്സ് സഭയുടെ അഭിഭാഷകൻ അഡ്വ.എസ് ശ്രീകുമാറിനോട് പാത്രിയർക്കീസ് ബാവയെ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്ന് ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം ഓർത്തഡോക്സ് അഭിഭാഷകൻ നൽകിയില്ല. 1934ലെ ഭരണഘടന പ്രകാരം മലങ്കര ഓർത്തഡോക്സ് സഭയുടെ ആത്മീയ പരമ മേലധ്യക്ഷൻ ആകമാന സുറിയാനി സഭയുടെ പാത്രിയർക്കീസ് ബാവയാകുന്നു എന്ന് വളരെ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നത് കോടതി പലവട്ടം ചൂണ്ടിക്കാട്ടി.
പാത്രിയർക്കിസ് ബാവ ഇല്ലാതെ എങ്ങനെ മലങ്കര സഭ എപ്പോസ്‌കോപ്പൽ സഭയാകുമെന്നും ഹൈക്കോടതി ചോദിച്ചു. ഇപ്പോഴത്തെ പാത്രിയർക്കീസിനെ 2017 ജൂലൈ 3ലെ വിധി പ്രകാരം സുപ്രീം കോടതിയും അംഗീകരിച്ചതല്ലേ എന്ന ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദ്യത്തിനും വ്യക്തമായ ഉത്തരം ഓർത്തഡോക്സ് വിഭാഗം നൽകിയില്ല.
2014ൽ വാഴിക്കപ്പെട്ട പാത്രിയർക്കീസിനെ 2017ലെ വിധി പ്രകാരം അംഗീകരിക്കില്ലെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് കോടതിക്ക് മനസ്സിലാകുന്നില്ലെന്നും പറഞ്ഞു. വിഘടന വാദം നടത്തുന്നത് ഓർത്തഡോക്സ് സഭയല്ലേ എന്ന ചോദ്യവും കോടതി ഉന്നയിച്ചു. കേസ് തുടർ വാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി.