കോതമംഗലം : കോതമംഗലത്ത് പുതുതായി നിർമ്മിച്ച ആധുനിക കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച വൈകിട്ട് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ ആണ് ഉദ്ഘാടനം നിർവഹിച്ചത്.ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്തു നിന്ന് കമ്പം -തേനി ഭാഗത്തേക്ക് രണ്ടു ബസ്സുകൾ വേണമെന്ന് ആവശ്യമുയർന്നിരുന്നു. അതിൽ കമ്പത്തേക്കു പുതിയ സർവീസ് ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടന്ന് ഉദ്ഘടനാ പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. ഫാസ്റ്റ് പാസഞ്ചർ സർവീസ് ആണ് അനുവദിക്കുക. വൈകാതെ തന്നെ ഇത് ആരംഭിക്കുമെന്നും, കോട്ടപ്പടി വഴി ഗുരുവായൂർക്ക് ഒരു സർവീസ് വേണമെന്ന ആവശ്യവും ഉയർന്നതിനെ തുടർന്ന് ഇത് പരിഗണിച്ച് പുതിയ ലിങ്ക് ബസ് ഈ റൂട്ടിൽ സർവീസ് ആരംഭിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. ഒരുമാസം പരീക്ഷണാടിസ്ഥാനത്തിൽ നോക്കിയശേഷം, വിജയമാണെങ്കിൽ ഇത് തുടർന്നു കൊണ്ടു പോകും. നിലവിൽ ഒരു ലിങ്ക് ബസ് കോതമംഗലത്തിന് അനുവദിച്ചിട്ടുണ്ട്, അതുകൂടാതെയാണ് പുതിയ ബസ് വരുന്നത്.
കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് പുതിയൊരു സർവീസ് ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്. കോതമംഗലത്തുനിന്ന് ഗോത്രമേഖലയിലേക്ക് പുതിയ സർവീസ് ആരംഭിച്ചിരുന്നു. ഇതിനോട് നല്ല പ്രതികരണമാണ് ലഭിച്ചത്. ഭാവിയിൽ നിലവിലെ ബസ്സിന് പകരം പുതിയ മിനി ബസ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. രാത്രിയിൽ സർവീസ് മുടക്കുന്ന സ്വകാര്യ ബസ്സുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി. രാത്രി വരെ പെർമിറ്റ് ഉള്ള സ്വകാര്യ ബസ്സുകൾ നേരത്തെ സർവീസ് അവസാനിപ്പിച്ച് ട്രിപ്പ് മുടക്കുന്നു എന്ന പരാതി ഇവിടെ നിന്ന് ഉയർന്നിട്ടുണ്ട്. ഇത്തരത്തിൽ സർവീസ് മുടക്കുന്ന സ്വകാര്യ ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതിനായി അടുത്ത ദിവസം മുതൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
എയർ ഹോൺ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകും. മത്സരയോട്ടം ഒരു കാരണവശാലും അനുവദിക്കില്ല എന്നും പരിശോധനകൾ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിമനോഹരമായി ആധുനിക സൗകര്യങ്ങളോടെയാണ് കോതമംഗലത്തെ പുതിയ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നിർമ്മിച്ചിരിക്കുന്നത്. ഇതിന് ഫണ്ട് അനുവദിക്കുകയും പദ്ധതി യാഥാർത്ഥ്യമാക്കാൻ മുന്നിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്ത ആന്റണി ജോൺ എം.എൽ.എയെ പ്രത്യേകം അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു. ഈ സൗകര്യങ്ങൾ ഇതുപോലെ തന്നെ വൃത്തിയോടെ സൂക്ഷിക്കണം. അതിന് തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ഉൾപ്പെടെ ശ്രദ്ധിക്കണം. നിരവധി സ്ഥാപനങ്ങളും വ്യക്തികളും സംഘടനകളും ഈ പദ്ധതി യാഥാർത്ഥ്യമാക്കാൻ സഹായസഹകരണങ്ങൾ നൽകിയിട്ടുണ്ട് അവരെ പ്രത്യേക നന്ദിയോടെ ഓർക്കുന്നു എന്നും മന്ത്രി പറഞ്ഞു.
കേരളത്തിൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബസ് സ്റ്റേഷനുകളുടെ നിർമ്മാണം നടത്തുന്നത് നിലവിലെ ഇടതുപക്ഷ സർക്കാരിന്റെ കാലത്താണ്. കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിക്കാൻ തീരുമാനമെടുത്തത് വഴി പദ്ധതികളെല്ലാം വേഗത്തിൽ നടന്നു വരുന്നുണ്ട്.
പരമാവധി ചെറുപ്പക്കാരായ ഉദ്യോഗസ്ഥർക്ക് നേതൃത്വ ചുമതല നൽകി ഏറെ കാര്യക്ഷമത ഉറപ്പാക്കിയാണ് നിലവിൽ വകുപ്പ് പ്രവർത്തിക്കുന്നത്. മാനേജിംഗ് ഡയറക്ടർ മുതൽ താഴെത്തട്ടിൽ ഉള്ള ജീവനക്കാർ വരെ കൂട്ടായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. നൂതന സാങ്കേതികവിദ്യകൾ ഉൾപ്പെടെ ഉപയോഗപ്പെടുത്തി വകുപ്പിന്റെ പരമാവധി നഷ്ടം കുറച്ചു കൊണ്ടുവന്ന് ലാഭത്തിലേക്ക് എത്തിക്കുക എന്നതാണ് മുന്നിലുള്ള ലക്ഷ്യം. പുതിയ 327 ബസ്സുകൾ കൂടി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസം ക്യാൻസർ രോഗികൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. രണ്ടാഴ്ചക്കുള്ളിൽ ഇതിനുള്ള ട്രാവൽ കാർഡ് വിതരണം ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. അവരെ രോഗികളാക്കുന്ന ഒരു വിധത്തിലുള്ള അടയാളങ്ങളും അനുവദിക്കുന്ന കാർഡിൽ ഉണ്ടാവുകയില്ല. ‘ഹാപ്പി ലോങ്ങ് ലൈഫ് ‘ എന്ന പേരിലാണ് കാർഡ് നൽകുക എന്നും മന്ത്രി പറഞ്ഞു.
ബസ് ടെർമിനൽ യാഥാർത്ഥ്യമാക്കാൻ വിവിധതരത്തിൽ സഹായിച്ച വ്യക്തികളെയും സംഘടനകളെയും സ്ഥാപനങ്ങളെയും ചടങ്ങിൽ മന്ത്രി ആദരിച്ചു.
ഉദ്ഘാടന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. കോതമംഗലം നഗരസഭ ചെയർമാൻ കെ.കെ ടോമി മുഖ്യാതിഥിയായി. കെ.എസ്.ആർ.ടി.സി എം.ഡി ഡോ. പി.എസ് പ്രമോജ് ശങ്കർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ ചന്ദ്രശേഖരൻ നായർ, മിനി ഗോപി, ജെസ്സി സാജു, ഷിബു പടപ്പറമ്പത്ത്, എം.പി ഗോപി, എഫ്.ഐ.ടി ചെയർമാൻ ആർ.അനിൽകുമാർ,
എം.പി.ഐ ചെയർമാൻ ഇ.കെ ശിവൻ, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി.കെ ഹരികൃഷ്ണൻ, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ആന്റണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 2.34 കോടി രൂപ വിനിയോഗിച്ച് ഇരുനിലകളിലായാണ് പുതിയ ടെർമിനൽ മന്ദിരം നിർമ്മിച്ചിരിക്കുന്നത്. താഴത്തെ നിലയിൽ യാത്രക്കാർക്കായുള്ള ശീതീകരിച്ച വെയിറ്റിംഗ് റൂമും, സ്റ്റേഷൻ മാസ്റ്ററുടെ മുറി, അന്വേഷണ വിഭാഗം, ജീവനക്കാരായ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വെയിറ്റിംഗ് മുറി, ഫീഡിങ് റൂം എന്നിവയും
ഒന്നാം നിലയിൽ യൂണിറ്റ് ഓഫീസ്, മിനി കോൺഫറൻസ് ഹാൾ,ടിക്കറ്റ് ക്യാഷ് കൗണ്ടർ,സ്റ്റോർ, ശുചിമുറികൾ എന്നീ സൗകര്യങ്ങളുമാണ് ക്രമീകരിച്ചിരിക്കുന്നത്.
ഒരേ സമയം എട്ടു ബസുകൾ പാർക്ക് ചെയ്യാൻ സാധിക്കുന്ന രീതിയിലുള്ള റൂഫും ടെർമിനലിനോട് അനുബന്ധമായി നിർമ്മിച്ചിട്ടുണ്ട്.
ചിത്രം :കോതമംഗലത്തെ ആധുനിക കെ.എസ്.ആർടി.സി ബസ് ടെർമിനൽ മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു, ആന്റണി ജോൺ എം.എൽ.എ സമീപം
