കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കവളങ്ങാട് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനു വേണ്ടി നടപ്പിലാക്കുന്ന കുട്ടമംഗലം – നേര്യമംഗലം കുടിവെള്ള പദ്ധതിക്കായി 3.76 കോടി രൂപ അനുവദിച്ചതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു.കവളങ്ങാട് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരത്തിനായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി പുതുതായി 800 വാട്ടർ കണക്ഷനുകൾ ലഭ്യമാക്കും.ആവോലിച്ചാൽ വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാൻ്റിൽ നിന്നും വില്ലാഞ്ചിറ ടാങ്കിലേക്ക് 6 കി മി ദൂരം വരുന്ന പമ്പിങ്ങ് ലൈനിൽ ട്രീറ്റ്മെൻ്റ് പ്ലാൻ്റ് മുതൽ നേര്യമംഗലം ജില്ലാ കൃഷിതോട്ടം വരെയുള്ള മൂന്ന് കി മി ദൂരം എം എസ് പൈപ്പും ബാക്കി ഭാഗം ജി ഐ പൈപ്പുമാണ് നിലവിലുണ്ടായിരുന്നത്.
ഇതിൽ എം എസ് പൈപ്പ് വരുന്ന മൂന്ന് കി മി ദൂരം സ്ഥിരമായി പൈപ്പ് പൊട്ടി കുടിവെള്ള വിതരണം താളം തെറ്റൽ പതിവായിരുന്നു.ഈ ഭാഗത്തെ 150 എം എം സൈസിലുള്ള എം എസ് പൈപ്പ് പൂർണ്ണമായും മാറ്റി 200 എം എം സൈസിലുള്ള ഡി ഐ പൈപ്പ് സ്ഥാപിക്കും.അതോടൊപ്പം പഞ്ചായത്തിലെ വിവിധ ഇടങ്ങളിലായി മൂന്ന് കി മി പൈപ്പ് ലൈൻ പുതുതായി സ്ഥാപിച്ചുമാണ് 800 പുതിയ കണക്ഷനുകൾ നൽകുന്നത്.ഇതോടെ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് വലിയ തോതിലുള്ള പരിഹാരമാകും.പദ്ധതിയുമായി ബന്ധപ്പെട്ട ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് കഴിഞ്ഞതായും നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കുമെന്നും എം എൽ എ അറിയിച്ചു.