കോതമംഗലം: ഭർത്താവിൻ്റെയും മൂത്ത മകളുടെയും അകാല വിയോഗം തളർത്തിയ ഹൃദ്രോഗിയായ വീട്ടമ്മ പറക്കമുറ്റാത്ത രണ്ട് കുട്ടികളുമായി കെട്ടുറപ്പില്ലാത്ത വീട്ടിൽ നിസഹായാവസ്ഥയിൽ. കോതമംഗലം താലൂക്കിലെ നേര്യമംഗലം,90 സെൻ്റ് കോളനിയിലെ പടിഞ്ഞാറേൽ പ്രഭ രവിയെന്ന രോഗിണിയായ വീട്ടമ്മയാണ് വഴിമുട്ടിയ ജീവിതം മുന്നോട്ടു നയിക്കാൻ പെടാപ്പാടുപെടുന്നത്. എട്ട് വർഷം മുമ്പ് ഭർത്താവും മൂത്ത മകളും മരിച്ചതിനെ തുടർന്ന് കൂലിപ്പണിയെടുത്ത് കുടുംബം പുലർത്തി വരുമ്പോഴാണ് ഹൃദയവാൽവിന് അസുഖം ബാധിച്ച് പ്രഭ കിടപ്പിലാകുന്നത്.
മകൾ വിഷ്ണുപ്രിയയെയും, രോഗിയായ മകൻ രാഹുലിനെയും പ്ലസ് വൺ വരെ പഠിപ്പിക്കാനായെങ്കിലും ഇനി തുടർന്നുള്ള ജീവിതം തള്ളിനീക്കാനാവാതെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ഈ സാധു കുടുംബം. ചോർന്നൊലിക്കുന്ന, ഏത് നിമിഷവും തകർന്നു വീഴാവുന്ന വീടിരിക്കുന്നത് ഒരു മലഞ്ചെരുവിലാണ്.വഴിയില്ലെന്ന് മാത്രമല്ല ഉരുൾപൊട്ടൽ ഭീഷണിയിലാണ് ഈ കുടുംബം ദിനരാത്രങ്ങൾ തള്ളി നീക്കുന്നത്.
പ്രായപൂർത്തിയായി വരുന്ന മകളെയും കൊണ്ട് കെട്ടുറപ്പില്ലാത്ത മലഞ്ചെരുവിലെ ഈ വീട്ടിൽ, മോശമായ ചുറ്റുപാടിൽ സുരക്ഷിതമായി ജീവിക്കാനാവില്ലെന്ന തിരിച്ചറിവാണ് ഈ വീട്ടമ്മയെ ഏറെ ഭയപ്പെടുത്തുന്നത്.
വീടിന് അപേക്ഷ നൽകിയെങ്കിലും പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്നും മറ്റ് അധികാരികളിൽ നിന്നും യാതൊരു അനുകൂലമായ സമീപനവും നാളിതുവരെ ഉണ്ടായിട്ടില്ലെന്നും,അടച്ചുറപ്പുള്ള ഒരു വീടിനായി മുട്ടാത്ത സർക്കാർ വാതിലുകളില്ലന്നും പ്രഭ പറയുന്നു . കരുണ വറ്റാത്ത ആരെങ്കിലും സഹായഹസ്തവുമായി തങ്ങളെ ഈദുരിത ജീവിതത്തിൽ നിന്നും കരകയറ്റാനെത്തുമെന്ന ശുഭാപ്തി വിശ്വാസത്തിൽ ഈശ്വരനെ പ്രാർഥിച്ച് കാത്തിരിക്കുകയാണ്
ശരീരവും മനസ്സും തളർന്ന് അവശതയിലായ ഈ വീട്ടമ്മ.