കോതമംഗലം : കോതമംഗലത്ത് എൻ സി പി യിൽ പൊട്ടിത്തെറി. മുൻ ജില്ലാ പഞ്ചായത്ത് അംഗവും കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മായിരുന്ന ബാബു പോൾ എൻ സി പി വിട്ടു. ജനാധിപത്യ കേരളകോൺഗ്രസ്‌ൽ നിന്നും എൻ സി പി യിൽ എത്തിയ പൊതുപ്രവർത്തകനാണ് ബാബു. കോതമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ പുനഃ സംഘടനയാണ് പൊട്ടിത്തെറിയിലേക്കും പിന്നീട് രാജിയിലേക്കും എത്തിയത്. നിലവിലെ പ്രസിഡന്റ് ആയിരുന്ന ടി. പി തമ്പാനെ മാറ്റി, എൻ സി പി യുടെ കോതമംഗലം ബ്ലോക്ക് പ്രസിഡന്റ് ആയി തോമസ് ടി ജോസഫ് നെ നിയമിച്ചത് പാർട്ടിയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തി കാരണമായി. ഇത് ചേരി പൊരിന് വഴി വെക്കുകയും ബാബു പോളിന്റെ രാജിയിൽ കലാശിക്കുകയും ചെയ്യ്തു. വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാതെയാണ് തമ്പാനെ മാറ്റി, തോമസിനെ നിയമിച്ചത് എന്നാണ് ആക്ഷേപം. പി. സി. ചാക്കോയുമായി അടുപ്പമുള്ളവരെ പാർട്ടിയുടെ നേതൃ സ്ഥാനത്ത് കൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.
എൻ സി പി വിട്ട ബാബു പോളിനെ വീണ്ടും ജനാതിപത്യ കേരള കോൺഗ്രസിലേക്ക് മടക്കി കൊണ്ടു വരാനുള്ള അനുനയന നീക്കവും അണിയറയിൽ നടക്കുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ജനാതിപത്യ കേരള കോൺഗ്രസ് നേതാക്കൾ ബാബുവിന്റെ കോതമംഗലത്തെ വസതിയിൽ എത്തി ചർച്ചകൾ നടത്തി. ജനാധിപത്യ കേരള കോൺഗ്രസിന്റെ സംസ്ഥാന വർക്കിങ് ചെയർമാൻ പി സി ജോസഫ് എംഎൽഎ എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം കെ കെ ദാനി തുടങ്ങിയ നേതാക്കളെത്തി ബാബുവിനെ കണ്ടു. ഒരു വാഹനാപകടത്തിൽ പെട്ടു വീട്ടിൽ വിശ്രമിക്കുകയാണ് ബാബു. എൻസിപിയുമായി തെറ്റി നിൽക്കുന്ന ബാബു പോളിനെ സന്ദർശിച്ചു നേതാക്കൾ ചർച്ചകൾ നടത്തുകയും എല്ലാ കാര്യങ്ങളും പറഞ്ഞ് പരസ്പരംധാരണയിലെത്തുകയും ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്റുമായും സ്ഥാനമേറ്റെടുത്തു മുന്നോട്ടുപോകണമെന്ന് പി.സി ജോസഫ് ആവശ്യപ്പെടുകയും ചെയിതു. ബാബു പോൾ അത് അംഗീകരിക്കുകയും ചെയ്തു.
എൻസിപിയിൽ സംസ്ഥാനതലത്തിൽ ഒറ്റയാൻ പോക്കാണ് നടക്കുന്നതെന്നും പാർശ്വവർത്തികളയും സ്വന്തക്കാരെയും ബന്ദുക്കളെയും പാർട്ടിയുടെ താക്കോൽ സ്ഥാനങ്ങളിൽ തിരുകി കയറ്റുകയാണ് ചെയ്തു വരുന്നതെന്ന് ബാബു ആരോപിച്ചു. ഈ അഭിപ്രായ ഭിന്നത മൂലം സംസ്ഥാന കമ്മിറ്റിയിൽ നിന്നും ജില്ലാ കമ്മിറ്റിയിൽ നിന്നും പ്രധാനപ്പെട്ട നേതാക്കൾ കൊഴിഞ്ഞു പോയി കൊണ്ടിരിക്കുകയാണെന്നും അതിന്റെ അവസാന ഉദാഹരണമാണ് താൻ എന്നും ബാബു പറഞ്ഞു. ഒട്ടനവധി പേർ ഇനിയും എൻസിപി എന്ന പാർട്ടി വിട്ട് പോരുമെന്നും ബാബുപോൾ സൂചിപ്പിച്ചു.