കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് (ഓട്ടോണമസ് ) , മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിങ് (ഓട്ടോണമസ്) എന്നീ ക്യാമ്പസുകളിൽ ശാസ്ത്ര സാങ്കേതിക മത്സര പ്രദർശനങ്ങൾക്ക് തുടക്കം . കൊച്ചിൻ ഷിപ്പ്‌യാഡ് ലിമിറ്റഡ്, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ, കേരള ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെൻ്റ്, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്, സ്റ്റീൽ ആൻ്റ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡ്, കേരള പോലീസ് എന്നിവയുടെ സ്റ്റാളുകൾ എൻജിനീയറിങ് കോളേജിലും കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻ്റ് എൻവയോൺമെൻ്റ്, ഡിസ്ട്രിക്ട് അഗ്രികൾച്ചറൽ ഫാം, കൃഷി വിജ്ഞാന കേന്ദ്രം, ഹണി ബീ പ്രൊഡക്ട്സ്, മൺപാത്ര നിർമ്മാണ തൽസമയ പ്രദർശനം, ബോട്ടണി, കെമിസ്ട്രി, സുവോളജി, ഫിസിക്സ്,ഹിസ്റ്ററി എന്നീ വിഭാഗങ്ങളുടെ സ്റ്റാളുകൾ മാർ അത്തനേഷ്യസ് കോളേജിലും ഒരുക്കിയിട്ടുണ്ട് .
മാത്തമാറ്റിക്സ് ക്വിസ് , സയൻസ് ക്വിസ്, അനിമേഷൻ , ഐഡിയത്തോൺ, വെബ് ഡിസൈൻ, സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ എന്നീ മത്സരങ്ങളും സംഘടിപ്പിക്കുന്നു. ഏഴ് ഇനങ്ങളിലായി 1.5 ലക്ഷത്തിൽപരം രൂപയുടെ സമ്മാനങ്ങളാണ് നൽകുന്നത്. ശാസ്ത്ര വിഭാഗങ്ങളിലെ ലാബുകളിൽ വിവിധ പരീക്ഷണ ഉപകരണങ്ങൾ പ്രദർശനത്തിനായി സജ്ജീകരിച്ചിട്ടുണ്ട് .