കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ മാനുഫാക്ചറിംഗ്,ട്രേഡിങ്,സർവീസ് വിഭാഗത്തിൽ വരുന്ന 971 സംരംഭങ്ങൾ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിയമസഭയിൽ വ്യക്തമാക്കി.ഇത് സംബന്ധിച്ച ആന്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കോതമംഗലം മണ്ഡലത്തിൽ വ്യവസായ വകുപ്പ് മുഖേന പുതിയതായി സംരംഭങ്ങൾ ആരംഭിക്കുന്നതിനെ സംബന്ധിച്ചും, അതുമായി ബന്ധപ്പെട്ട ലോൺ മേളകൾ സംഘടിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തികൾ സംബന്ധിച്ചും എം എൽ എ ചോദ്യം ഉന്നയിച്ചു.
ഹൈറേഞ്ചിന്റെ കവാടവും, ഉന്നത വിദ്യാഭ്യാസ കേന്ദ്രവുമായി മാറിയിട്ടുള്ള കോതമംഗലം മണ്ഡലത്തിൽ വ്യവസായ വകുപ്പ് മുഖേന കൂടുതൽ സംരംഭങ്ങൾ ആരംഭിക്കണമെന്നും എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു. കോതമംഗലം മണ്ഡലത്തിൽ മാനുഫാക്ചറിങ്, ട്രേഡിങ്,സർവീസ് വിഭാഗത്തിൽ വരുന്ന 971 സംരംഭങ്ങൾ ആരംഭിക്കുമെന്നും ഇതിൽ നിലവിൽ 387 സംരംഭങ്ങൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. കവളങ്ങാട് പഞ്ചായത്ത് 134,പല്ലാരിമംഗലം 67,കോട്ടപ്പടി 81,പിണ്ടിമന 75,നെല്ലിക്കുഴി 189,കീരംപാറ 56,വാരപ്പെട്ടി 84,കുട്ടമ്പുഴ 110,കോതമംഗലം മുനിസിപ്പാലിറ്റി 175 എന്നിങ്ങനെ 971 സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.ഇതിൽ കവളങ്ങാട് 73,പല്ലാരിമംഗലം 31,കോട്ടപ്പടി 37,പിണ്ടിമന 33,നെല്ലിക്കുഴി 77,കീരംപാറ 23,വാരപ്പെട്ടി 20,കുട്ടമ്പുഴ 26,കോതമംഗലം മുൻസിപ്പാലിറ്റി 67 എന്നിങ്ങനെ 387 സംരംഭങ്ങൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ലോൺ സബ്സിഡി മേളകൾ കോതമംഗലം മണ്ഡലത്തിൽ മുഴുവൻ പഞ്ചായത്തിലും പൂർത്തീകരിച്ചു.
എല്ലാ ഗ്രാമപഞ്ചായത്തിലും ഇന്റേണൻസിനെ നിയമിക്കുകയും രജിസ്ട്രേഷൻ,ലൈസൻസ് നടപടികൾ ത്വരിത ഗതിയിൽ പൂർത്തീകരിക്കുന്നതിനായി താലൂക്ക് വ്യവസായ ഓഫീസിൽ റിസോഴ്സ് പേഴ്സണെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. സംരംഭകർക്ക് വ്യവസായ വകുപ്പ് ഉൾപ്പെടെയുള്ള മറ്റു വകുപ്പുകളുടെ പദ്ധതികൾ വിശദീകരിച്ചു കൊണ്ടുള്ള ജനറൽ ഓറിയന്റേഷൻ പരിപാടികൾ നടത്തിയിട്ടുണ്ട്. കൂടാതെ ലോൺ / ലൈസൻസ് /സബ്സിഡി മേളകളിൽ വിവിധ ബാങ്കുകളുടെ മാനേജർമാർ വായ്പ പദ്ധതികളെക്കുറിച്ചും ലോൺ നടപടികളെ കുറിച്ചും വിശദീകരിക്കുകയുണ്ടായി.
സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി വഴി നടപ്പിലാക്കുന്ന പുതിയ വായ്പ പദ്ധതിയും അതിനോടൊപ്പം വ്യവസായ വകുപ്പ് വഴിയുള്ള പലിശ സബ്സിഡിയും വഴി കൂടുതൽ സംരംഭകരെ ആകർഷിക്കുന്നതാണ്. അതോടൊപ്പം സംരംഭകർക്ക് ബോധവൽക്കരണം നൽകുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.തുടർ നടപടികൾ വേഗത്തിലാക്കുമെന്ന് മന്ത്രി പി രാജീവ് ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.