കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ പുതുതായി 1054 പേർക്ക് മുൻഗണനാ റേഷൻ കാർഡുകൾ അനുവദിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം അനർഹരെ കണ്ടെത്തി മുൻഗണനാ കാർഡുകൾ തിരിച്ച് വാങ്ങുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയിരുന്നു. ടി നടപടിയുടെ ഭാഗമായി 960 കുടുംബങ്ങൾ സർക്കാർ അഭ്യർത്ഥന മാനിച്ച് തങ്ങളുടെ മുൻഗണനാ കാർഡുകൾ തിരികെ ഏല്‌പ്പിച്ചു. ഇതിനെ തുടർന്നാണ് മുൻഗണനാ കാർഡിനു വേണ്ടി അപേക്ഷിച്ച കുടുംബങ്ങൾക്ക് ഈ കാർഡുകൾ നല്കുവാൻ തീരുമാനിച്ചത്.തിരികെ നൽകിയതിനെക്കാൾ 100 ഓളം കാർഡുകൾ കൂടി അധികമായി സർക്കാർ അനുവദിച്ചതോടെയാണ് 1054 പേർക്ക് മുൻഗണനാ കാർഡ് നല്കാനായത്.
ഇതോടെ മുൻഗണനാ കാർഡിനായി വർഷങ്ങളായി കാത്തിരുന്ന പാവപ്പെട്ട 1054 കുടുംബങ്ങളുടെ ദീർഘനാളായുള്ള ആവശ്യത്തിനാണ് പരിഹാരമായത്. അതോടൊപ്പം കോതമംഗലം താലൂക്കിലെ അർഹരായ എല്ലാ ആദിവാസി കുടുംബങ്ങൾക്കും മുൻഗണനാ എ എ വൈ കാർഡുകൾ നൽകുവാൻ കഴിഞ്ഞു. ഈ വിഭാഗത്തിൽ ഒരു അപേക്ഷ പോലും ഇനി തീർപ്പാക്കുവാനില്ല. അർഹരായ മുഴുവൻ പേർക്കും മുൻഗണന കാർഡ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ച് വരികയാണെന്നും MLA പറഞ്ഞു.