കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലകളിൽ കൂടി കെ – ഫോൺ സേവനം ലഭ്യമാക്കുന്നതിനുള നടപടികൾ പുരോഗമിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.ആന്റണി ജോൺ എം എൽ എ യുടെ നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മുഖ്യമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. കോതമംഗലം മണ്ഡലത്തിലെ കെ – ഫോൺ സേവനത്തിന്റെ നിലവിലെ സ്ഥിതി സംബന്ധിച്ചും,പൊതു പ്രദേശങ്ങൾക്കൊപ്പം ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകൾ ഉള്ള കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലകളിലേക്ക് കൂടി കെ – ഫോൺ സേവനം ലഭ്യമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.
കോതമംഗലം മണ്ഡലത്തിൽ 113 കേന്ദ്രങ്ങളിൽ നിലവിൽ കെ – ഫോൺ സേവനം നല്കിയിട്ടുണ്ട്. 2022 ജൂൺ മാസത്തോടെ ഇന്റർനെറ്റ് കണക്ഷൻ നല്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിച്ച് വരുന്നു.പദ്ധതിയുടെ അടിസ്ഥാന സൗകര്യം ഉപയോഗപ്പെടുത്തി ക്കൊണ്ട് കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലകളിലും ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ച് വരികയാണെന്നും മുഖ്യ മന്ത്രി പിണറായി വിജയൻ ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.മണ്ഡത്തിൽ 39 സ്കൂളുകൾ,30 സർക്കാർ ഓഫീസുകൾ,20 ആശുപത്രികൾ,9 അക്ഷയ കേന്ദ്രങ്ങൾ,5 വായനശാലകൾ,3 ഫോറസ്റ്റ് ഓഫീസുകൾ,2 പോലീസ് സ്റ്റേഷനുകൾ,2 എക്സൈസ് ഓഫീസുകൾ,1 ഫയർഫോഴ്സ് ഓഫീസ്,1 കോടതി,1 കോളേജ് എന്നിങ്ങനെ 113 ഓഫീസുകളിലാണ് ആദ്യഘട്ടത്തിൽ കെ – ഫോൺ സേവനം ലഭ്യമാകുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.