കോതമംഗലം : കുന്നിൻ പുറത്തെ കലാലയ ജീവിതത്തിന്റെ ഓർമകൾക്ക് വർണ്ണങ്ങൾ ചാർത്തി എം. എ. കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ ഇന്നലകളെ ഒരിക്കൽക്കൂടി ചേർത്ത് പിടിച്ച് ഒരുവട്ടം കൂടി ഒത്തുകൂടി. പിന്നിട്ട ജീവിത വഴികളിൽ മാഞ്ഞു പോയെന്ന് കരുതിയ മധുരമൂറുന്ന കലാലയ ഓർമകൾക്ക് അവർ വീണ്ടും തിരി തെളിയിച്ചപ്പോൾ അളവറ്റ ആഹ്ലാദത്താൽ എം. എ. കോളേജും, ഇൻഡോർ സ്റ്റേഡിയവും പരിസരവുമെല്ലാം വീർപ്പുമുട്ടി. 18 ന്റെ ചുറുചുറുക്കൂടെയാണ് തങ്ങളുടെ പ്രിയ കലാലയ മുറ്റത്ത് ഒരിക്കൽകൂടി അവർ ഒത്തുകൂടിയത്. പൂർവ്വവിദ്യാർത്ഥി – അദ്ധ്യാപക സംഗമം എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്ഗീസ് ഉത്‌ഘാടനം ചെയ്യ്തു.
പൂർവവിദ്യാർഥി സംഘടനാ പ്രസിഡന്റ് പ്രൊഫ. കെ. എം കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പ്രശസ്ത എഴുത്തുകാരനും, എം. എ. കോളേജ് പൂർവ്വ വിദ്യാർഥിയുമായ ഡോ.ടി.എസ് ജോയി മുഖ്യാതിഥിയായി. പൂർവ്വ വിദ്യാർത്ഥിയും, കോതമംഗലം എം എൽ എ യുമായ ആന്റണി ജോൺ ആശംസയർപ്പിച്ചു സംസാരിച്ചു.
വിദേശരാജ്യങ്ങളിൽ നിന്നട ക്കം നൂറുകണക്കിന് പൂർവ വി ദ്യാർഥികളും, അധ്യാപകരും, അനദ്ധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ സെക്രട്ടറി ബാബു ഏലിയാസ്, പി.കെ മോഹനചന്ദ്രൻ, ആശ ലില്ലി തോമസ്, ഡോ. എ. എം എൽദോസ്, ശാരി സദാശിവൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു.
ദേശീയ തലത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണ നിലവാരം വിലയിരുത്തുന്ന നാക് അക്രഡിറ്റേഷനിൽ മികച്ച ഗ്രേഡായ എ പ്ലസ് കരസ്ഥമാക്കിയ എം. എ. ആർട്സ് & എഞ്ചി. കോളേജ് പ്രിൻസിപ്പൽമാരെയും, കോമൺ വെൽത്ത് ഗെയിംസിലെ ഇന്ത്യൻ ടീം മാനേജരും, എം. എ. കോളേജ് മുൻ കായിക വകുപ്പ് മേധാവിയും പൂർവ്വ വിദ്യാർത്ഥിയുമായ പ്രൊഫ. പി. ഐ ബാബു, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എബി. പി. വര്ഗീസ് എന്നിവരെ
ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. കോളേജ് വിദ്യാർത്ഥികൾ നിർമ്മിച്ച കരകൗശല ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും, വിവിധ കലാപരിപാടികളും അരങ്ങേറി.