കോതമംഗലം: ഉദാത്ത സ്നേഹത്തിന് മാതൃക യാക്കാവുന്ന മൃഗമാണ് നായകൾ. കറ തീർന്ന സ്നേഹത്തിനു മനുഷ്യർക്ക് തന്നെ മാതൃകയാണിവർ.അതു കൊണ്ടാണല്ലോ വീട് കാവലിനും മറ്റുമായി ഇവരെ വളർത്തുന്നത് തന്നെ .കോതമംഗലത്തെ പ്രശസ്ത കലാലയമായ മാർ അത്തനേഷ്യസ് കോളേജിൽ ഇങ്ങനെ കറ കളഞ്ഞ സ്നേഹത്തിന്റെ ഉറവിടമായ ഒരു നായയുണ്ട്. കോളേജ് വിദ്യാർത്ഥികൾ അവനെ സ്നേഹത്തോടെ ജിംബ്രൂട്ടൻ എന്ന് വിളിക്കും. ജിംബ്രു ഈ കോവിഡ്കാലത്തും എം എ കോളേജിന് 24 മണിക്കു റും കാവലാണ്.
മൂന്നു മാസമേ ആയിട്ടുള്ളു ഇവൻ കോളേജ് ക്യാമ്പസിൽ എത്തിയിട്ട്. എങ്ങനെയോ വഴി തെറ്റി എത്തിപെടുകയായിരുന്നു. എന്നും വൃത്തിയും, വെടിപ്പുമായി നടക്കുന്ന ജിംബ്രു പരിചയമുള്ള വിദ്യാർത്ഥികളോടും, കോളേജ് ജീവനക്കാരോടും ഒട്ടിച്ചേരുന്നു. പരിചയമില്ലാത്തവരോട് അകലം പാലിച്ചു. കോളേജിലെ കായിക വിദ്യാർത്ഥികളോട് പ്രത്യക സ്നേഹമാണ്. തിരിച്ചും അവർക്കും അങ്ങനെ തന്നെ. അതിന് കാരണം അവന്റെ ഇഷ്ട്ട വിഭവം കായിക വിദ്യാർത്ഥികൾ കഴിക്കാൻ നൽകും. അവർ കായിക പരിശീലനത്തിനായി ഗ്രൗണ്ടിൽ പോകുമ്പോൾ അവരോടൊപ്പം ഈ നായ കൂട്ടിനുണ്ടാകും.
കോളേജിന്റെ എല്ലാ മുക്കിലും, മൂലയിലും ജിംബ്രുവിന്റെ കണ്ണുണ്ട്. എല്ലായിടത്തും അവൻ പാഞ്ഞെത്തും ഒരു കാര്യസ്ഥനെപോലെ. കോളേജിൽ അവന്റെ പ്രിയ കൂട്ടുകാർ കായിക വിദ്യാർത്ഥികളും, ജന്തു ശാസ്ത്ര വിഭാഗം ലബോറട്ടറി അസിസ്റ്റന്റ് സുനീഷും ആണ്. പിന്നെ ഇൻഡോർ സ്റ്റേഡിയം സൂക്ഷിപ്പുകാരൻ ബേസിലും, ഇലക്ട്രിഷൻ അരുണും, പൂന്തോട്ടത്തിലെ ജീവനക്കാരികളും. ഓഫീസ് പൂട്ടി കോളേജ് ജീവനക്കാര്‍ പോയാല്‍ പിന്നെ ഒരുഇല അനങ്ങിയാല്‍ ജിംബ്രു അറിയും. കോളേജ് സെക്യൂരിറ്റി ജീവനക്കാരുടെ ഇഷ്ട്ട പാത്രമാണിവൻ.
ആദ്യമെല്ലാം കോളേജ് ജീവനക്കാരും, വിദ്യാർത്ഥികളും കോളേജിൽ എത്തുന്നവരുമെല്ലാം
ഓടിച്ചുവിടന്‍ ശ്രമിച്ചെങ്കിലും പിന്നീട് അവരുടെയെല്ലാം മനസ് കീഴടക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ പരീക്ഷ നടക്കുന്ന വേളയിൽ ഹാളിന് പുറത്ത് കാവൽക്കാരനായും, ഇൻഡോർ സ്റ്റേഡിയത്തിന്റെ മേൽനോട്ടക്കാരാനായുമെല്ലാം ഈ നായ മുൻ പന്തിയിലുണ്ട്.. മനുഷ്യർക്ക് മാതൃകയാക്കാവുന്ന കളങ്കമില്ലാത്ത സ്നേഹമായി.