കൊച്ചി : ദക്ഷിണമേഖലാ അന്തർ സർവ്വകലാശാല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൻ്റെ ആതിഥേയരായ മഹാത്മാഗാന്ധി സർവകലാശാല, കോതമംഗലം എം.എ എൻജിനിയറിംഗ് കോളേജ് ഗ്രൗണ്ടിൽ നാളെ (ബുധൻ ) പോരാട്ടത്തിന് ഇറങ്ങും. കാല്പന്ത് കളിക്ക് ആരവം മുഴങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ അവസാനവട്ട പരിശീലനത്തിലാണ് മഹാത്മാഗാന്ധി സർവകലാശാല ഫുട്ബോൾ ടീം. സന്തോഷ് ട്രോഫി അനുഭവപരിചയം ഉള്ള മഹാത്മാഗാന്ധി സർവ്വകലാശാല ടീം വിജയ സാധ്യത നിലനിർത്തുന്നു എന്നാണ് കായിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.
കോട്ടയം ബസേലിയോസ് കോളേജിലെ അഖിൽ ചന്ദ്രൻ ആണ് മഹാത്മാഗാന്ധി സർവകലാശാല ഫുട്ബോൾ ടീമിന്റെ നായകൻ. അജയ് അലക്സ്, അർജുൻ. വി (മുവാറ്റുപുഴ നിർമല കോളേജ് )
സലാഹുദീൻ, ക്രിസ്തുരാജ്, അഖിൽ. കെ, ആദിൽ, ഡെലൻ, അജ്സൽ(കോതമംഗലം എം. എ കോളേജ്) -അഖിൽ. ജെ. ചന്ദ്രൻ, ഗിഫ്റ്റി, സഹദ്, സാലിം, റോഷൻ, നിതിൻ (കോട്ടയം ബസേലിയസ് കോളേജ്) -നിംഷാദ്, ഹരിശങ്കർ, ഫാഹിസ്, ബിബിൻ,സോയൽ, അതുൽ (എറണാകുളം മഹാരാജാസ് കോളേജ്) എന്നിവർ കളിക്കളത്തിൽ ഇറങ്ങും. എം. ജി. യൂണിവേഴ്സിറ്റി V/S റാണി ചന്നമ്മ യൂണിവേഴ്സിറ്റി കർണാടക മത്സരം ബുധൻ രാവിലെ 8.30 ന് ആരംഭിക്കും. എം. ജി. സർവ്വകലാശാല ഫുട്ബോൾ ടീം മാർ അത്തനേഷ്യസ് കോളേജ് ഗ്രൗണ്ടിൽ അവസാനഘട്ട പരിശീലനത്തിൽ ആണ്.
നിരവധി അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആതിഥ്യമരുളിയ മഹാത്മാഗാന്ധി സർവ്വകലാശാലയും അന്താരാഷ്ട്ര തലത്തിൽ നിരവധി കായിക പ്രതിഭകളുളള മാർ അത്തനേഷ്യസ് കേളേജും കാൽ പന്തുകളിയിൽ വിസ്മയം തീർക്കുന്നതിന് ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുകയാണ്. ആദ്യമായല്ല മാർ അത്തനേഷ്യസ് കോളേജ് അഖിലേന്ത്യാ അന്തർ സർവകലാശാല മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത്. മഹാത്മാഗാന്ധി സർവകലാശാലയും മാർ അത്തനേഷ്യസ് കോളേജും സംയുക്തമായി ഇത് അഞ്ചാം തവണയാണ് അന്തർസർവകലാശാല മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഫുട്ബോളിൽ ഇത് 3-ാം തവണയും . എന്നാൽ 12 ദിവസം നീണ്ടു നില്ക്കുന്ന വമ്പൻ ഫുട്ബോൾ മത്സരം ഇതാദ്യമായാണ് സംഘടിപ്പിക്കുന്നത്.
65 ഏക്കർ വിസ്തൃതമായ മാർ അത്തനേഷ്യസ് ക്യാംപസ് , പാഠ്യേതര പ്രവർത്തനങ്ങൾക്കുo കായിക പരിശീലനങ്ങൾക്കും ഏറെ സൗകര്യങ്ങളോടു കൂടിയതാണ്. ഖേലോ ഇന്ത്യയുടെ രാജ്യത്തെ 12 കേന്ദ്രങ്ങളിൽ ഒന്നാണ് കോതമംഗലം മാർ അത്തനേഷ്യസ് സ്പോട്സ് അക്കാദമി. വിദഗ്ദ്ധരായ പരിശീലകരടങ്ങുന്ന മാനേജിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്പോട്സ് അക്കാദമിയിലെ കായിക താരങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുന്നുണ്ട്. 2013ൽ കായിക രംഗത്തെ കേരളത്തിലെ ഏറ്റവും മികച്ച കോളേജായി എം. എ. തെരെഞ്ഞെടുക്കപ്പെട്ടു. 2017ൽ കേരള സർക്കാർ നടത്തിയ കോളേജ് ഗെയിംസിൽ എം. എ. കോളേജ് ഓവർഓൾ ചാമ്പ്യൻമാരായി.ഇതുകൂടാതെ 2014 – 2017 വർഷങ്ങളിൽ മികച്ച കായികാദ്ധ്യാപകർക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം മാർ അത്തനേഷ്യസ് കോളേജിലെ കായിക വിഭാഗം വകുപ്പധ്യക്ഷന്മാരായിരുന്ന പി.ഐ. ബാബു , ഡോ.മാത്യൂസ് ജേക്കബ് എന്നിവരെ തേടിയെത്തി. 11000 ചതുരശ്ര അടി വിസ്തൃതിയുള്ള ഇൻഡോർ സ്റ്റേഡിയം ബാസ്കറ്റ്ബോൾ, വോളിബോൾ , ടെന്നീസ് കോർട്ടുകൾ , അത്‌ലറ്റിക് ട്രാക്കുകൾ, ക്രിക്കറ്റ് ഫുട്ബോൾ ഗ്രൗണ്ടുകൾ, ഒളിപിക് നിലവാരവും വലുപ്പവുമുള്ള സ്വിമ്മിങ്ങ് പൂൾ , ഇൻഡോർ ഷൂട്ടിങ് റേഞ്ച് സ്പോട്സ് ഹോസ്റ്റലുകൾ എന്നിവ മാർ അത്തനേഷ്യസ് ക്യാംപസിന്റെ പ്രൗഢി വിളിച്ചോതുന്നു.
2016-ൽ റിയോ ഒളിംപിക്സിൽ മാർ അത്തനേഷ്യസ് കോളേജിലെ 2 വിദ്യാർത്ഥികൾ ഇന്ത്യയെ പ്രതിനിധീകരിച്ചു. ജൂനിയർ ഏഷ്യൻ ചാംപ്യൻഷിപ്പ് (ടോയ്യോ, ജപ്പാൻ – 2018) ഏഷ്യൻ അത്‌ലറ്റിക് മീറ്റ് (2017) വേൾഡ് മിലിറ്ററി ഗെയിംസ് (കൊറിയ – 2016 ) ഏഷ്യൻ ഗ്രാന്റ് പ്രിക്സ് സീരീസ് (തായ് ലാന്റ് – 2015 ) ജൂനിയർ സാഫ് അത്‌ലറ്റിക് മീറ്റ് (2013) വേൾഡ് ആo റെസലിംഗ് ചാംപ്യൻഷിപ്പ് (സ്പെയിൻ – 2012 ) ഇന്റർനാഷണൽ മീറ്റ് ( സൗത്ത് കൊറിയ – 2008) കോമൺ വെൽത്ത് ചെസ് ചാംപ്യൻഷിപ്പ് (2013) , കോമൺവെൽത്ത് ഗെയിംസ് (2015 ) ഏഷ്യൻ ക്ലാസിക് പവർ ലിഫ്റ്റിങ് ചാംപ്യൻഷിപ്പ് കസാക്കിസ്ഥാൻ (2019 ) എന്നി മത്സരങ്ങളിൽ മാർ അത്തനേഷ്യസ് കോളേജിലെ കായിക പ്രതിഭകൾ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത് മെഡലുകൾ നേടിയിട്ടുണ്ട്.
മാർ അത്തനേഷ്യസ് കോളേജിൽ നിന്ന് 8 വിദ്യാർഥികൾ സന്തോഷ് ട്രോഫി ടീം അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സീനിയർ ഇന്ത്യൻ ഫുട്ബോൾ ടീമിലേക്കും മാർ അത്തനേഷ്യസ് കോളേജിലെ വിദ്യാർത്ഥികളിലൊരാൾ തെരഞ്ഞെടുക്കപ്പെട്ടു. അടുത്തിടെ നടന്ന മഹാത്മാഗാന്ധി സർവകലാശാല അത് ലറ്റിക് ചാംപ്യൻഷിപ്പിൽ പുരുഷ – വനിതാ വിഭാഗം ചാംപ്യന്മാരാണ് മാർ അത്തനേഷ്യസ് കോളേജ്