കോതമംഗലം : കോതമംഗലം താലൂക്കിലെ പൂയംകുട്ടി വെള്ളാരംകുത്തില്‍ മലവെള്ളപാച്ചിലുണ്ടായ ആദിവാസി ഊര് റവന്യൂ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ഞായര്‍ വൈകിട്ട് പെട്ടന്നാണു പ്രദേശത്തേക്കു വെള്ളം കുതിച്ചെത്തിയത്. രണ്ടു മണിക്കൂറോളം നീണ്ട മലവെള്ളപാച്ചിലില്‍ ഊരിലെ ഒരു വീടിനകത്തു വെള്ളം കയറി. അമ്പനാട്ട് ദേവകിയുടെ വീട്ടിലാണു വെള്ളം കയറിയത്. മറ്റു രണ്ടു വീടുകളുടെ മുറ്റംവരെ വെള്ളമെത്തി.
നിലവില്‍ പ്രദേശത്ത് നിന്നു വെള്ളം പൂര്‍ണമായും ഇറങ്ങിയിട്ടുണ്ട്. വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടിയെന്ന സംശയം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതുവരെ അക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മറ്റു നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തഹസില്‍ദാര്‍ (ഇന്‍ ചാര്‍ജ്) ജെസി അഗസ്റ്റിന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്‍.എസ് ശ്രീകുമാര്‍, വില്ലേജ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സംഘമാണ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്.