കോതമംഗലം: അണക്കെട്ടുകളിൽ മത്സ്യോത്പാദനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടു കൊണ്ട് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതിക്ക് ഇന്ന് ഇടമലയാർ ഡാമിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ട് തുടക്കം കുറിച്ചു. UND ഹരിത കേരള മിഷൻ, ഇന്ത്യ ഹൈറേഞ്ച് മൗണ്ടെൻ ലാൻഡ്സ് കേപ്പ് പദ്ധതിയുടെ കീഴിൽ കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല മുഖാന്തിരം നടപ്പിലാക്കി വരുന്ന പദ്ധതിയാണ് അണക്കെട്ടുകളിൽ മത്സ്യ ഉത്പാദനം വർദ്ധിപ്പിക്കലും നാടൻ മത്സ്യങ്ങളുടെ വൈവിധ്യ കൃഷി രീതികളിലൂടെ ആദിവാസി മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കലും. 52.5 ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയുടെ കാലാവധി രണ്ട് വർഷമാണ്.
ബഹുജന പങ്കാളിത്തത്തോടെ തെരഞ്ഞെടുത്ത നാടൻ മത്സ്യയിനങ്ങളുടെ കൃത്രിമ പ്രജനന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുക, ആദിവാസി മേഖലയിൽ മത്സ്യകൃഷിയിലും വിത്തുല്പാദനത്തിലും ആധുനിക രീതി നടപ്പാക്കുക, നാടൻ മത്സ്യങ്ങളുടെ സംരക്ഷണത്തിന് പ്രാധാന്യം നൽകുക തുടങ്ങിയവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇടമലയാർ ഡാമിനു മുകളിൽ നടന്ന ചടങ്ങ് കുഫോസ് വൈസ് ചാൻസ്ലർ Dr.കെ. റിജി ജോൺ ഉത്ഘാടനം ചെയ്തു.
കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിൻസി മോഹനൻ അധ്യക്ഷത വഹിച്ചു. ജെയിംസ് കോറമ്പേൽ, സിബി KA, എൽദോസ് ബേബി ,അൻവർ അലി, സുരേഷ് കുമാർ, ശിൽപ്പ P തുടങ്ങിയവർ പ്രസംഗിച്ചു. അതത് സ്ഥലങ്ങളിൽ നിന്ന് പിടിക്കുന്ന മത്സ്യങ്ങളെ വളർത്തി വിത്തുത്പാദിപ്പിച്ച് അതേ സ്ഥലത്ത് തന്നെ നിക്ഷേപിക്കുന്ന ഈ പദ്ധതി വിജയകരമായാൽ കേരളത്തിലെ മുഴുവൻ ഡാമുകളിലും നടപ്പാക്കുമെന്ന് കുഫോസ് വൈസ് ചാൻസ്ലർ Dr കെ.റിജി ജോൺ പറഞ്ഞു.