കോതമംഗലം : കെ.എസ്.ആര്‍.ടി.സി.യുടെ ജംഗിള്‍ സഫാരിക്കിടെ വെള്ളച്ചാട്ടത്തിലെ അപകടത്തില്‍പ്പെട്ട യാത്രക്കാരെ ബസ് ഡ്രൈവര്‍ അതിസാഹസീകമായി രക്ഷപ്പെടുത്തി. കോതമംഗലം ഡിപ്പോയിലെ പിണ്ടിമന സ്വദേശിയായ കിഷോര്‍ തോപ്പില്‍ ആണ് രണ്ട് ജീവനുകളുടെ രക്ഷകനായത്. മുവാറ്റുപുഴയിൽ നിന്നുമുള്ള സഞ്ചാരികളുമായി കുട്ടമ്പുഴ – മാങ്കുളം -മൂന്നാർ ജംഗിൾ സഫാരിക്കിടയിൽ പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിനടുത്ത് വണ്ടി ഒതുക്കുകയും യാത്രക്കാർ ഇറങ്ങി കാഴ്ചകൾ കാണുന്നതിനിടയിലാണ് അപകടം സംഭവിക്കുന്നത്. വെള്ളച്ചാട്ടത്തിലെ വെള്ളത്തിൽ കൈകഴുകാനായി ഇറങ്ങിയ വിദ്യാർത്ഥിയായ ഉമർ അപകടത്തിൽ പെടുകയായിരുന്നു. അള്ളിൽ മുങ്ങി താഴുകയായിരുന്ന ഉമറിനെ രക്ഷപ്പെടുത്തിയ സാഹസിക കാഴ്ച്ച കണ്ടുനിന്ന സഹയാത്രിക്കാർക്ക് അവിശ്വസനീയ സംഭവമായി മാറുകയായിരുന്നു.
കുത്തിയൊഴുകുന്ന മലവെള്ളത്തിൽ അകപ്പെട്ട വിദ്യാർത്ഥിയെ കണ്ടവർ അലമുറയിട്ട് കരഞ്ഞപ്പോൾ, മറ്റൊന്നും ചിന്തിക്കാതെ കയത്തിലേക്ക് ചാടുകയായിരുന്നു കിഷോർ. മുങ്ങി താഴുകയായിരുന്ന കുട്ടിയുടെ മുടിയിൽ ആദ്യം പിടുത്തം കിട്ടുകയും പിന്നീട് ബനിയനിൽ പിടിച്ചു കരക്ക് കയറ്റുകയായിരുന്നു. അതെ സമയത്ത് വിദ്യാർത്ഥിയെ രക്ഷിക്കാനായി വെള്ളത്തിൽ ഇറങ്ങിയ ഉമറിന്റെ അമ്മായിയായ നിസക്കും അപകടം പിണയുകയായിരുന്നു. അവരെയും കിഷോർ മരണത്തിന്റെ മുനമ്പിൽ നിന്നും ജീവത്തിലേക്ക് കൈപിടിച്ച് കയറ്റുകയായിരുന്നു.
നിരവധി യാത്രക്കാർ ഈ അപകടം കണ്ടെങ്കിലും ജീവൻ പണയം പെടുത്തി സാഹസത്തിന് മുതിരാൻ തയ്യാറാകാത്ത സമയത്ത് കിഷോർ നടത്തിയ അവസരോചിതമായ ഇടപെടലാണ് ഈ ഡ്രൈവറെ യാത്രക്കാരുടെ സ്റ്റാർ ആക്കി മാറ്റിയത്. പാറക്കെട്ടുകൾ നിറഞ്ഞ കയത്തിലേക്ക് ചാടിയ കിഷോറിന്റെ രണ്ട് കാൽ മുട്ടുകൾക്കും പരുക്ക് പറ്റുകയും ചെയ്തിരുന്നു. ഇപ്പോൾ മെഡിക്കൽ ലീവിലുള്ള ഡ്രൈവക്ക് വരും ദിവസങ്ങളിൽ ഒരു ആദരവ് നൽകുവാനുള്ള ഒരുക്കത്തിലാണ് മുവാറ്റുപുഴ രണ്ടാർ സ്വദേശികൾ. രണ്ട് ജീവനുകൾ നഷ്ടപ്പെടാതെ കാത്ത കോതമംഗലം സ്വദേശിയ കിഷോർ ആണ് രണ്ടാറുകാരുടെ ഇപ്രാവശ്യത്തെ ക്രിസ്തുമസ് സ്റ്റാർ.