കോതമംഗലം – കോതമംഗലത്ത് വാവേലിയിൽ പട്ടാപ്പകൽ ജനവാസ മേഖലക്ക് സമീപം കാട്ടാനക്കൂട്ടമെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ഇന്ന് വൈകിട്ടാണ് പത്തോളം ആനകൾ വനാതിർത്തിയിൽ തമ്പടിച്ചത്. പ്രദേശവാസിയായ ജ്യുവൽ ജൂഡിയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിരോധം തീർക്കുകയായിരുന്നു. വന്യ മൃഗശല്യം അതിരൂക്ഷമായ പ്രദേശമാണിത്. ഫെൻസിംഗ് ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവമാണ് കാട്ടാന ശല്യം വർദ്ധിക്കാൻ കാരണമായിട്ടുള്ളത്. ആനകൾ ഇപ്പോഴും ഇവിടെ തുടരുകയാണ്.



























































