കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങൾ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിൻ്റെ പിടിയിൽ. പരിഹാരം കാണണമെന്ന് നാട്ടുകാർ.കോട്ടപടി പഞ്ചായത്തിൽ അതി രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന സ്ഥലങ്ങളാണ് മുട്ടത്തുപാറ, വടക്കുംഭാഗം, വാവേലി തുടങ്ങിയ പ്രദേശങ്ങൾ. വേനൽ കടുത്തതോടെ കിണറുകൾ ഉൾപ്പെടെയുള്ള കുടിവെള്ള സ്രോതസുകൾ വറ്റി.
പഴക്കംചെന്ന കുടിവെള്ള പൈപ്പുകൾ അടിക്കടി പൊട്ടുന്നതാണ് ഈ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പ്രധാന കാരണം. പെരിയാറിൽ നിന്ന് വെള്ളം പമ്പ് ചെയ്യാനുപയോഗിക്കുന്ന മോട്ടർ തുടർച്ചയായി കേടാകുന്നതും ജലവിതരണം തടസ്സപ്പെടാൻ കാരണമാകുന്നുണ്ട്.
മോട്ടർ ഇരിക്കുന്ന പേഴാട് എന്ന സ്ഥലം വനത്തിന് ഉള്ളിൽ ആയതിനാൽ ആനകൾ കാരണം പലപ്പോഴും ഇലക്ട്രിക് ലൈനുകൾ പൊട്ടിപ്പോകുന്ന സാഹചര്യവും നിലനിൽക്കുന്നു.കോട്ടപ്പടിയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഒരുമ യുടെ നേതൃത്വത്തിൽ വണ്ടിയിൽ വെള്ളമെത്തിച്ചു കൊടുക്കുന്നതാണ് ഇപ്പോൾ പ്രദേശവാസികൾക്ക് ആശ്വാസമായിരിക്കുന്നത്.
വന്യമൃഗങ്ങളോട് മല്ലിട്ട് ജീവിക്കുന്ന ഇവർക്ക് കുടിവെള്ളം മുടങ്ങിയത് ഇരുട്ടടിയായിരിക്കുകയാണ്.എത്രയും വേഗം ജലവിതരണം പുനസ്ഥാപിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് പ്രദേശവാസികളായ തങ്കമ്മയും, ജുവലും ആവശ്യപ്പെട്ടു.