- ബിബിൻ പോൾ എബ്രഹാം
പെരുമ്പാവൂർ : ഒരു കാലത്ത് ആണുങ്ങളുടെ മാത്രം കുത്തകയായിരുന്നു ഡ്രൈവിംഗ്. എന്നാൽ ഇന്ന് വാഹനമോടിച്ചു പോകുന്ന സ്ത്രീകളെ കണ്ടാൽ കൗതുകത്തോടെയും അത്ഭുതത്തോടെയും നോക്കിയിരുന്ന കാലം കഴിഞ്ഞു. വാഹനമോടിക്കൽ സ്ത്രീകൾക്കും നന്നായി വഴങ്ങുമെന്ന് അവർ തന്നെ തെളിയിച്ചു. പലതരം കാറുകളും ടു വീലറുകളും അവർ ഓടിച്ചു കാണിച്ചു. വളയിട്ട കൈകൾക്കു വളയം പിടിക്കാനും സാധിക്കും എന്ന് കാണിച്ചു നിരവധി വനിതകൾ എത്തി. എന്നാലും വനിതകളുടെ ഡ്രൈവിംഗ് സ്കൂട്ടർ ബൈക്ക്, കാർ, ഓട്ടൊ തുടങ്ങിയ വാഹനങ്ങളിൽ മാത്രമായി ഒതുങ്ങി. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായി വളയം പിടിക്കുകയാണ് കോതമംഗലം കോട്ടപ്പടി സ്വദേശി പി. പി ഷീല. നമ്മുടെ സ്വന്തം കെ എസ് ആർ ടി സി ഡ്രൈവിംഗ് സീറ്റിലെ ഏക സ്ത്രീസാന്നിധ്യമാണ് ഷീല.
കേരളത്തിൽ ആദ്യമായി പി എസ് സി നിയമനത്തിലൂടെ കെ എസ് ആർ ടി സി യിൽ ജോലി മേടിച്ച ഷീല സ്ത്രീ സമൂഹത്തിന്റെ ശക്തയായ പ്രതിനിധി കൂടിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെരുമ്പാവൂരിൽ നിന്ന് രാവിലെ 6.05ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന സൂപ്പർ ഫാസ്റ്റ് ബസിന്റെ സാരഥിയായി ഷീല സ്ഥാനം പിടിച്ചപ്പോൾ ആണ് യാത്രക്കാർ അവരുടെ കഴിവിനെ അഭിനന്ദിച്ചത്. പെരുമ്പാവൂർ ഡിപ്പോയിലെ തിരുവനന്തപുരം സൂപ്പർ ഫാസ്റ്റിന്റെ ഡ്രൈവർ അടിയന്തരമായി അവധിയെടുത്തതോടെ പതിവ് സർവീസ് മുടങ്ങുമെന്ന സ്ഥിതിവരുകയും, അധികൃതർ ഷീലയോട് ആവശ്യപ്പെട്ടപ്പോൾ തടസ്സങ്ങൾ ഒന്നും കൂടാതെ ജോലി ഏറ്റെടുക്കുകയായിരുന്നു. കണ്ടക്ടർ ലിജോയുടെ പിന്തുണകൂടിയായപ്പോൾ 4.45നുള്ള മടക്കയാത്രയും ഷീലയുടെ കൈകളിൽ ഭദ്രമാമാവുകയായിരുന്നു.
ഡ്രൈവിംഗ് പഠിക്കുക എന്ന ആഗ്രഹത്തിനു കുടുംബം പിന്തുണ നൽകിയപ്പോൾ ഷീല വിജയം കണ്ടു തുടങ്ങി. ഡ്രൈവിംഗ് ഒരു ജോലിയായി തെരഞ്ഞെടുത്ത ശേഷം കെ എസ് ആർ ടി സിയിൽ ജോലി വേണമെന്ന സ്വപ്നമുണ്ടായിരുന്നു. കുടുംബത്തോടൊപ്പം കൂട്ടുകാരുടെയും സഹായവും പിന്തുണയും കിട്ടിയതോടെ ഷീല ജോലിക്കായി അപേക്ഷിച്ചു. ഡ്രൈവിംഗ് പോസ്റ്റിലേക്കുള്ള ടെസ്റ്റുകൾ പൂർത്തിയാക്കി. 2013 ൽ കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ ജോലിയിൽ പ്രവേശിച്ചു. ഗവൺമെന്റ് ജോലിയോടൊപ്പം ചരിത്രത്തിലാദ്യമായി ആനവണ്ടിയുടെ വളയം പിടിക്കുന്ന സ്ത്രീ എന്ന വിശേഷണവും നേടിയെടുത്തു. സന്തോഷിപ്പിക്കുന്നതും വിഷമിപ്പിക്കുന്നതുമായ അനുഭവങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഉണ്ടായിട്ടുണ്ട്. അതെല്ലാം ജോലിയുടെ ഭാഗമാണെന്ന് കരുതുന്നതാണ് ഷീലക്ക് ഇഷ്ടം. ഇത്തരമൊരു സീറ്റിൽ സ്ത്രീ സാന്നിധ്യം കണ്ടാൽ ഇഷ്ടപ്പെടാത്തവരാകും കൂടുതൽ. പറയുന്നവർ എന്തും പറയട്ടെ അതൊന്നും തന്നെ ബാധിക്കുന്നില്ലെന്നു പറയുന്നു ഷീല.
ആദ്യം കൗതുകമായിരുന്നു ആളുകൾക്ക്. ഡ്രൈവിംഗ് സീറ്റിൽ തന്നെ കാണുമ്പോൾ കൈ കാണിച്ചവർ മാറി നിന്നിട്ടുണ്ട്, പേടികൊണ്ട് കേറാത്തവരുണ്ട്, കൗതുകം കൊണ്ട് കേറി നോക്കിയവരുമുണ്ട്, ഇതാണ് ബസിൽ കയറുന്ന ആളുകളുടെ വ്യത്യസ്ത മനോഭാവങ്ങൾ.ആദ്യമൊക്കെ ആളുകൾക്ക് ഭയം ആയിരുന്നു. ഇപ്പോൾ ആർക്കും ഭയമില്ല. താനോടിക്കുന്ന ബസ് വരാൻ നോക്കിയിരിക്കുന്നവരും ഉണ്ട്. ഇറങ്ങുമ്പോൾ നല്ലതാണെങ്കിലും ചിത്തയാണെങ്കിലും അഭിപ്രായം പറഞ്ഞിട്ട് പോകുന്നുണ്ട്. ഇതു മാറ്റത്തിനൊപ്പം ആത്മ വിശ്വാസവും വർദ്ധിപ്പിക്കുന്നു. സഹപ്രവർത്തകരുടെ പൂർണമായ പിന്തുണ ലഭിക്കുന്നുണ്ട്. മികച്ച രീതിയിൽ ജോലി ചെയ്യാൻ ഇതു സഹായിച്ചിട്ടുണ്ടെന്നു ഷീല പറയുന്നു.ആദ്യമായി ജോലിയിൽ പ്രവേശിച്ചതു കോതമംഗലം ഡിപ്പോയിലായിരുന്നു. തുടർന്നു പെരുമ്പാവൂർ, അങ്കമാലി ഡിപ്പോകളിലും ജോലി ചെയ്തു.
ഏറ്റവും പ്രിയപ്പെട്ട ഡിപ്പോ അങ്കമാലിയാണ്. ജോലി നേടുകയെന്നതു പുരുഷൻമാരെപ്പോലെ സ്ത്രീകൾക്കും അനിവാര്യമാണ്. ജോലി ഉള്ള സ്ത്രീകളെ അഹങ്കാരികൾ എന്ന് വിളിക്കുമെങ്കിലും ഒരിക്കൽ അത് അംഗീകരിക്കും അനുഭവത്തിൽ നിന്നുകൊണ്ട് പറയുന്നു ഷീല. മറ്റുള്ളവരെ ആശ്രയിക്കാതെ സന്തോഷത്തോടെ ജീവിക്കാൻ ജോലി സഹായിക്കുന്നുണ്ട്. തടിവെട്ടുതൊഴിലാളിയായിരുന്ന പരേതനായ പാപ്പുവിന്റെയും കുട്ടിയുടെയും മകളാണ്. സഹോദരന്മാരാണ് ഡ്രൈവിങ് പഠിപ്പിച്ചത്. കോതമംഗലത്തെയും കോട്ടപ്പടിയിലെയും ഡ്രൈവിങ്ങ് സ്കൂളിലെ അധ്യാപിക കൂടിയായിരുന്നു ഷീല. നൂറു കണക്കിന് ആളുകളെ ആണ് ഷീല വളയം പിടിക്കാൻ പഠിപ്പിച്ചത്. ജോലിയുള്ള സ്ത്രീകൾക്ക് സമൂഹത്തിൽ പ്രത്യേക സ്ഥാനം ലഭിക്കുന്നുണ്ടെന്ന് അത് പുരുഷാധിപത്യമുള്ള മേഖലകളിൽ സ്ത്രീകൾക്ക് കടന്നുവരാനുള്ള പ്രേരണ നൽകുന്നതായി കോട്ടപ്പാടിക്കാരി ഷീല പറയുന്നു.
You must be logged in to post a comment Login