കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ പുന്നേക്കാട് കൂരികുളം മൾട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറിയിൽ 10 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ 2023 മെയ് മാസം 31 നകം പൂർത്തീകരിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഹാച്ചറിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളിൽ ഓവർ ഹെഡ് വാട്ടർടാങ്ക്,2 ബ്രൂഡ് സ്റ്റോക്ക് കുളങ്ങൾ,27 റിയറിങ്ങ് കുളങ്ങൾ,ചുറ്റുമതിൽ,അപ്രോച്ച് റോഡ്,സി സി ടി വി,ഹൈമാസ്റ്റ് ലൈറ്റ്,ഇലക്ട്രിഫിക്കേഷൻ എന്നീ ഘടകങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.കരാർ പ്രകാരം 2023 ജൂലൈ അവസാനം വരെ സമയപരിധി ഉണ്ടെങ്കിലും മെയ് മാസം അവസാനത്തോടുകൂടി നിർമ്മാണം പൂർത്തീകരിക്കത്തക്ക നിലയിൽ പ്രവർത്തനങ്ങൾ വേഗത്തിൽ മുന്നോട്ടു കൊണ്ടുപോകുവാൻ തീരുമാനിച്ചു.
രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കൂടുതൽ മൾട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറി പൂർണതോതിൽ മത്സ്യോദ്പാദനത്തിന് സജ്ജമാകുമെന്നും എം എൽ എ പറഞ്ഞു.ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ ഉന്നത തല സംഘം പ്രദേശം സന്ദർശിച്ച് വിലയിരുത്തി.എം എൽ എ യോടൊപ്പം ഫിഷറീസ് ഡയറക്ടർ ഡോക്ടർ അദീന അബ്ദുള്ള ഐ എ എസ്,കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് വി സി ചാക്കോ,പെരിയാർവാലി എക്സിക്യൂട്ടീവ് എൻജിനീയർ ബൈജു സി വി,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബിജു പി വർഗീസ്,അസിസ്റ്റന്റ് എൻജിനീയർ സാബു വി വി,ഫിഷറീസ് ഉദ്യോഗസ്ഥർ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.