കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ 337-ാമത് ഓർമ്മ പ്പെരുന്നാളിന്റെ ഒരുക്കങ്ങൾ വിലയിരുത്തുവാനായി വിവിധ വകുപ്പുകളുടെ ഉന്നതതല ഉദ്യോഗസ്ഥ യോഗം ആന്റണി ജോൺ എം എൽ എ യുടെ അദ്ധ്യക്ഷതയിൽ ചേർന്നു.കേരള സംസ്ഥാന സർക്കാർ ദേശീയ ഉത്സവമേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന കോതമംഗലം പള്ളിയും പരിസര പ്രദേശങ്ങളും ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരമായിരിക്കും പെരുന്നാൾ ചടങ്ങുകൾ നടക്കുന്നത്.
കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള തീർത്ഥാടകരുടെ സൗകര്യാർത്ഥം സെപ്തംബർ 25 മുതൽ ഒക്ടോബർ 4 വരെ വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചിട്ടുള്ള കൺട്രോൾ റൂം പ്രവർത്തിക്കും. സെപ്തംബർ 25 നു മുമ്പായി വിവിധ റോഡുകളുടെ അറ്റകുറ്റ പണികൾ തീർക്കുന്നതിന് ദേശീയ പാത വിഭാഗത്തിനും പൊതുമരാമത്ത് വകുപ്പിനും ഗ്രാമ പഞ്ചായത്തുകൾക്കും,മുനിസിപ്പാലിറ്റികൾക്കും നിർദ്ദേശങ്ങൾ കൊടുത്തു. പള്ളിയും പരിസരങ്ങളും ലഹരി വിമുക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിന് എക്സൈസ് വകുപ്പിന് നിർദ്ദേശം നൽകി.വഴി വിളക്കുകൾ പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുവാൻ വൈദ്യുതി വകുപ്പിന് നിർദ്ദേശം നൽകി.തീർത്ഥാടകർക്ക് ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നതിന് വാട്ടർ അതോറിറ്റിക്ക് നിർദ്ദേശം നൽകി.
ക്രമസമാധാന പാലനത്തിന് ആവശ്യമായ പോലീസ് സേനയെ വിന്യസിക്കുവാനും തീരുമാനിച്ചു.പള്ളിയും പരിസരവും പ്ലാസ്റ്റിക് നിരോധിത മേഖലയായി പ്രഖ്യാപിച്ചു.ഭിക്ഷാടനം നിരോധിച്ചു.ശുചീകരണ പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാരിന്റെ ഹരിത കേരള മിഷനുമായി ചേർന്ന് നടപ്പാക്കുവാൻ തീരുമാനിച്ചു.ദൂരസ്ഥലങ്ങളിൽ നിന്നും വരുന്ന തീർത്ഥാടകർക്ക് വാഹനങ്ങൾ പാർക്കു ചെയ്യുവാനായി മാർ ബേസിൽ സ്കൂൾ ഗ്രൗണ്ട് ക്രമീകരിച്ചിട്ടുണ്ട്.24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗവും ഫയർഫോഴ്സ് യൂണിറ്റും ആംബുലൻസ് സൗകര്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ജെസി സാജു,വി സി ചാക്കോ,മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ സിന്ധു ഗണേശൻ,മുനിസിപ്പൽ കൗൺസിലർമാരായ എ ജി ജോർജ്ജ്,കെ എ നൗഷാദ്,ഭാനുമതി രാജു,തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ്,കോതമംഗലം സർക്കിൾ ഇൻസ്പെക്ടർ,താലൂക്ക് ആശുപത്രി സൂപ്രണ്ട്,ചെറിയ പള്ളി വികാരി,ട്രസ്റ്റിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.