കോതമംഗലം: നെല്ലിക്കുഴിയിലെ ഡെൻറൽ കോളേജിലെ വിദ്യാർത്ഥിയായ മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ രാഖിലിന് തോക്കു നൽകിയ ബീഹാർ മുൻഗർ ജില്ലയിലെ പർസന്തോ ഗ്രാമത്തിൽ സോനുകുമാർ, ഇടനിലക്കാരാനായ ബർസാദ് സ്വദേശി മനീഷ്കുമാർ വർമ്മ എന്നിവരെ ജില്ലാ പോലിസ് മേധാവി കെ .കാർത്തിക്കിൻറെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ബിഹാർ പോലീസിനൊപ്പം രണ്ടു ദിവസം നീണ്ടു നിന്ന ഓപ്പറേഷനൊടുവിലാണ് പ്രതികൾ പിടിയിലായത്. രഖിലിന് തോക്കുനൽകിയ സോനു കുമാറിനെ പരിജയപ്പെടുത്തിയത് മനിഷ് കുമാർ വർമ്മയാണ്. ഇയാളെ പാറ്റ്നയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. 35000 രൂപയാണ് തോക്കിന് നൽകിയത്. തുക പണമായി നേരിട്ടു നൽകുകയായിരുന്നു. തോക്ക് ഉപയോഗിക്കാനുളള പരിശീലനവും ഇവിടെ നിന്ന് നൽകിയെന്നാണ് ലഭിക്കുന്ന വിവരം.
ബിഹാർ പോലിസുമായി ജില്ലാ പോലിസ് മേധാവി കെ കാർത്തിക്ക് തയാറാക്കിയ പ്രത്യേക ഓപ്പറേഷനിലാണ് രണ്ടു പേരും പിടിയിലാകുന്നത്. ഇതിൻറെ ഭാഗമായി സംയുക്തമായി സംഘത്തെ നിയോഗിക്കുകയായിരുന്നു. പിടികൂടുമെന്നുറപ്പായപ്പോൾ ആക്രമിച്ച് ചെറുത്തു നിൽക്കാനും ശ്രമമുണ്ടായെങ്കിലും പോലിസിൻറെ ശ്രമകരമായ ഇടപെടലിലൂടെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ അവിടത്തെ കോടതിയിൽ ഹാജരാക്കി. അറസ്റ്റിലായ രണ്ടുപേരുടെ ബന്ധങ്ങളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്ന് അന്വേഷണത്തലവൻ കെ. കാർത്തിക്ക് പറഞ്ഞു. എസ്.ഐമാരായ മാഹിൻ സലിം, വി.കെ. ബെന്നി, സി.പി.ഒ എം.കെ ഷിയാസ്, ഹോംഗാർഡ് സാജു എന്നിവരുൾപ്പെടുന്ന സംഘമാണ് ഉണ്ടായിരുന്നത്.