- ദീപു ശാന്താറാം
കോതമംഗലം: കഴിഞ്ഞ ഏതാനും ദിവസങ്ങളായി താലൂക്കിന്റെ വിവിധ സ്ഥലങ്ങളിൽ സമ്പർക്ക കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നത് ആശങ്കക്കിടയാക്കുന്നു. ഇന്നലെ (26-07-2020) കവളങ്ങാട് – അഞ്ച്, കുട്ടമ്പുഴ – ഒന്ന്, നെല്ലിക്കുഴി- ഒന്ന് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം ഏഴായി. ഇതോടെ താലൂക്കിൽ രോഗംസ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 36 ആയി. ഇവരിലേറയും സമ്പർക്കത്തിലൂടെയാണ് രോഗം വന്നത് എന്നതും, വാരപ്പെട്ടിയിലെ വനിത ആയുർവേദ ഡോക്ടറുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ലെന്നതും കൂടുതൽ ആശങ്കക്കിടയാക്കുന്നു. താലൂക്കിൽ കീരമ്പാറയൊഴികെ എല്ലാ പഞ്ചായത്തുകളിലും രോഗബാധിതരുണ്ട്. പല രോഗികളുടെയും സമ്പർക്കപ്പട്ടിക വളരെ വിപുലമാണെന്നത് ആശങ്കക്കിടയാക്കുന്നു.
നെല്ലിക്കുഴി പഞ്ചായത്ത് മുഴുവനായും വാരപ്പെട്ടി, പിണ്ടിമന,കവളങ്ങാട്, കുട്ടമ്പുഴയിലെ വടാട്ടുപാറ ,കുട്ടമ്പുഴ, കോട്ടപ്പടി എന്നിവിടങ്ങളിൽ അതീവ ജാഗ്രതയാണുള്ളത്. രോഗവ്യാപനം തടയുന്നതിന് ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അഭ്യർത്ഥിക്കുന്നു.വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന ഫലങ്ങൾ പുറത്തു വന്നാൽ മാത്രമേ സ്ഥിതിഗതികളെ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുകവൊള്ളുവെന്നും,അതുവരെ ജാഗ്രതയോടെ വീട്ടിൽ തന്നെ ഇരിക്കാനാണ് ആരോഗ്യ വകുപ്പ് നിർദ്ദേശം. കൊവിഡിനെ ലോക്കിടാൻ നെല്ലിക്കുഴി പഞ്ചായത്തിൽ സമ്പൂർണ്ണ ലോക് ഡൗൺ പ്രദേശത്തെ റോഡുകളെല്ലാം അടച്ചു. കർശന ജാഗ്രത നിർദ്ദേശങ്ങൾ .നെല്ലിക്കുഴി പഞ്ചായത്തിൽ സമ്പർക്കത്തിലൂടെയുള്ള കൂടുതൽ കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നെല്ലിക്കുഴി പഞ്ചായത്തിൽ പൂർണ്ണമായും ലോക് ഡൗൺപ്രഖ്യാപിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും,തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനുമായി ആൻ്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ നെല്ലിക്കുഴിയിൽ വച്ച് അടിയന്തിര യോഗം ചേർന്നു.
അൻപതിനായിരത്തോളം ജനസംഖ്യയും,നാലായിരത്തോളം അതിഥി തൊഴിലാളികളും തിങ്ങി താമസിക്കുന്നതും,കേരളത്തിലെ ഏറ്റവും വലിയ ഫർണിച്ചർ വ്യവസായ മേഖലയുമായ നെല്ലിക്കുഴിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കുവാൻ ജനങ്ങളുടെ പൂർണ്ണ സഹകരണം വേണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു. പഞ്ചായത്തിൽ സമ്പൂർണ്ണ ലോക് ഡൗൺ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കുവാൻ തീരുമാനിച്ചു.ഇതിൻ്റെ ഭാഗമായി നെല്ലിക്കുഴിയിലേക്കുള്ള മെയിൻ റോഡ് ഒഴികെ മറ്റെല്ലാ റോഡുകളും അടയ്ക്കും, മെയിൻ റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് നോൺ സ്റ്റോപ് ആയിരിക്കും,ക്ലിനിക്കുകൾ,മെഡിക്കൽ സ്റ്റോർ,പാൽ സൊസൈറ്റി എന്നിവ പ്രവർത്തിക്കും.
പച്ചക്കറി,പലചരക്ക്, ബേക്കറി എന്നിവ റൊട്ടേഷൻ വ്യവസ്ഥയിൽ തുറക്കുവാനും പ്രവർത്തന സമയം രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ ആക്കുവാനും തീരുമാനിച്ചു,കടകളിൽ എത്തുന്നവരുടെ പേരും വിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തിയ രജിസ്റ്ററുകൾ മുഴുവൻ കടകളിൽ സൂക്ഷിക്കുക,കടകളിൽ സാനിറ്റൈസർ കരുതുകയും,മാസ്ക്,സാമൂഹ്യ അകലം എന്നിവ കർശനമായും പാലിച്ചുകൊണ്ട് കടകളിൽ ഉപഭോക്താക്കളുടെ എണ്ണം നിയന്ത്രിക്കും,പൊലിസ്-ആരോഗ്യ വകുപ്പുകളുടെ പരിശോധന കർശനമാക്കും,ബക്രീദുമായി ബന്ധപ്പെട്ട ക്രമീകരങ്ങൾക്കായി മഹല്ല് ഭാരവാഹികളെ പങ്കെടുപ്പിച്ച് യോഗം ചേരും,ഫർണിച്ചർ അടക്കമുള്ള ഒരുവ്യാപാര സ്ഥാപനങ്ങളും, ഹോട്ടലുകളും പ്രവർത്തിക്കില്ല, കൊവിഡുമായി ബന്ധപ്പെട്ടെടുക്കേണ്ട മുൻകരുതലുകളെ കുറിച്ചും സുരക്ഷാ ക്രമീകരണങ്ങളെ സംബന്ധിച്ചും പഞ്ചായത്തിലുടനീളം മൈക്ക് അനൗൺസ്മെന്റ് നടത്തുവാനും യോഗത്തിൽ തീരുമാനമായി.
ലോക് ഡൗൺ സാഹചര്യത്തിൽ ജനങ്ങൾ വീടുകളിൽ നിന്നും പുറത്തിറങ്ങാതെ പരമാവധി സഹകരിക്കണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു. കൊവിഡ് 19 ൻ്റെ സാഹചര്യത്തിൽ ജനങ്ങൾക്ക് ഭീതി വേണ്ടെന്നും,കൃത്യമായ ജാഗ്രതയാണ് വേണ്ടതെന്നും,യോഗ തീരുമാനങ്ങളും ബന്ധപ്പെട്ട വകുപ്പുകൾ നൽകുന്ന നിർദേശങ്ങളും കർശനമായി പാലിക്കുവാൻ ജനങ്ങളുടെ പൂർണ സഹകരണം വേണമെന്നും എംഎൽഎ പറഞ്ഞു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിനി രവി, തഹസിൽദാർമാരായ റെയ്ച്ചൽ കെ വർഗ്ഗീസ്,സുനിൽ മാത്യു,ഡി വൈ എസ് പി മുഹമ്മദ് റിയാസ്,സർക്കിൾ ഇൻസ്പെക്ടർ അനിൽ ബി,ജില്ല പഞ്ചായത്ത് അംഗം കെ എം പരീത്, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് ചെയർമാർ സഹീർ കോട്ടപറമ്പിൽ,പി എം മജീദ്,കെ ജി ചന്ദ്രബോസ് തുടങ്ങിയവർ പങ്കെടുത്തു.
കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ പ്രദേശത്ത് സമ്പർക്കത്തിലൂടെയുള്ള കോവിഡ് 19 സ്ഥി രീകരിക്കുകയും നാല്, അഞ്ച് വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും,തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനുമായി ആൻ്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. പ്രസ്തുത വാർഡുകളിലേക്കുള്ള റോഡുകൾ അടച്ചു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം സമയ ക്രമീകരണം ഏർപ്പെടുത്തി മാത്രം പ്രവർത്തിക്കുവാൻ തീരുമാനിച്ചു.
കടകളിൽ സാനിറ്റൈസറും,പേര് വിവരങ്ങൾ രേഖപ്പെടുത്തുന്നതിനാവശ്യമായ രജിസ്റ്ററും കരുതണം, മാസ്ക് ധരിക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കും,ജനങ്ങൾ അനാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങരുത്, കൊവിഡുമായി ബന്ധപ്പെട്ട് എടുക്കേണ്ട മുൻകരുതലുകളും ക്രമീകരണങ്ങളും സംബന്ധിച്ച് പ്രദേശത്താകെ മൈക്ക് അനൗൺസ്മെൻ്റ് ആവശ്യമായ പ്രചരണം നടത്തും. കൊവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ഭീതി വേണ്ടെന്നും, കൃത്യമായ ജാഗ്രതയാണ് വേണ്ടതെന്നും ബന്ധപ്പെട്ട വകുപ്പുകൾ നല്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കുവാൻ ജനങ്ങളുടെ പൂർണ്ണ സഹകരണം വേണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യാ ലാലു, തഹസിൽദാർമാരായ റെയ്ച്ചൽ കെ വർഗീസ്,സുനിൽ മാത്യു,കുട്ടമ്പുഴ സി ഐ മഹേഷ്‌കുമാർ,പഞ്ചായത്ത് മെമ്പർമാരായ വിജയമ്മ ഗോപി, ബിൻസി മോഹൻ,പി കെ പൗലോസ്,പി എ അനസ് എന്നിവർ പങ്കെടുത്തു.
📲 കോതമംഗലത്തെ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ..👇