കോതമംഗലം: കേരളത്തിൽ ദിനം പ്രതി ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള എറണാകുളം ജില്ലയിൽ പെട്ട കോതമംഗലം താലൂക്കിലും ഓരോ ദിവസവും നൂറ് കണക്കിന് രോഗികളും ദിനം പ്രതി ഉള്ള മരണങ്ങൾ മൂലവും വളരെയധികം ജനങ്ങൾ വിഷമ അവസ്ഥയിൽ ആണ്. കോതമംഗലം താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും രോഗികളെ കൊണ്ട് നിറഞ്ഞ് പുതിയ ആളുകളെ അഡ്മിറ്റ് ചെയ്യാൻ പോലും പറ്റാത്ത നിസ്സഹായ അവസ്ഥ ആണ്. ICU ബെഡുകളും, വെന്റിലേറ്റർ സംവിധാനങ്ങളും നിറഞ്ഞു കവിഞ്ഞിരിക്കുന്നു.
ഇത്രയും ആശങ്കാജനകമായ അവസരത്തിൽ കോതമംഗലത്തെ ഡെന്റൽ കോളേജുകൾ, നഴ്സിംഗ് കോളേജുകൾ,ഇതര കോളേജുകൾ, സ്കൂളുകൾ, ക്ലബ് ഓഡിറ്റോറിയങ്ങൾ, ഹോസ്റ്റലുകൾ ഉൾപ്പടെ ഉള്ള സ്ഥാപനങ്ങൾ ഏറ്റെടുത്തു ചികിത്സാ സൗകര്യങ്ങൾ ഒരുക്കുവാനും, അതോടൊപ്പം രോഗത്തിന്റെ കാഠിന്യം കുറവ് ഉള്ളവരെ എല്ലാ പഞ്ചായത്തുകളിലും സ്ഥാപിക്കുന്ന ഡോമിസി ലിയറി കെയർ സെൻ്ററുകളിലേക്കു മാറ്റി ചികിത്സാ സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിനൊപ്പം കൂടുതൽ സന്നദ്ധ സംഘടനകളുടെ സഹായം തേടുന്നതിനും ബന്ധപ്പെട്ട അധികാരികൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി സംസ്ഥാന മാനേജിങ് കമ്മിറ്റി അംഗം അഡ്വ. രാജേഷ് രാജൻ, കോതമംഗലം താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ, ലോറൻസ് എബ്രഹാം, ബിനോയ് തോമസ്, പി.എം മുഹമ്മദാലി, ടോമി ചെറുകാട് എന്നിവർ ആവശ്യപ്പെട്ടു.