കോതമംഗലം : കോതമംഗലം നിയോജകമണ്ഡലത്തിലെ കഴിഞ്ഞ ഒൻപതു വർഷക്കാലത്തെ വികസന നേട്ടങ്ങളെയും, ക്ഷേമ പ്രവർത്തനങ്ങളെയും ഇകഴ്ത്തി കാണിക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങളെ ജനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയുമെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. മുൻപൊരിക്കലും കേരളം കണ്ടിട്ടില്ലാത്ത വിധം വികസന- ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കിയ പിണറായി വിജയൻ സർക്കാരിന്റെ നേതൃത്വത്തിൽ സമഗ്രവും, സർവതലസ്പർശിയുമായ വികസന മുന്നേറ്റമാണ് കോതമംഗലത്ത് നടന്നുകൊണ്ടിരിക്കുന്നത്. നഗര,ഗ്രാമ വ്യത്യാസമില്ലാതെ അടിസ്ഥാന സൗകര്യ വികസനത്തിനും, ക്ഷേമ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകി സമഗ്രമായ വികസന പദ്ധതികൾക്ക് രൂപം നൽകി.
യു ഡി എഫ് ഭരണ കാലത്തിൽ നിന്ന് വ്യത്യസ്തമായി
ജനങ്ങൾക്ക് ഏതാവശ്യങ്ങൾക്കും സമീപിക്കാവുന്ന തരത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന
എം എൽ എ ഓഫീസ് ഒൻപതു വർഷമായി കോതമംഗലത്ത് പ്രവർത്തിച്ചു വരുന്നു. നാടിന്റെ പൊതുവായ രാഷ്ട്രീയ പ്രശ്നങ്ങളും, മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങളും നിയമസഭയ്ക്കകത്തും പുറത്തും നിരന്തരം അവതരിപ്പിച്ചു വരുന്നതും ജനങ്ങൾക്ക് ബോധ്യമുള്ള കാര്യമാണ്. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങൾക്ക് സമീപിക്കാവുന്ന ജനപ്രതിനിധി ആയി നിൽക്കാനും പ്രതിസന്ധി ഘട്ടങ്ങളിൽ അവരോടു ചേർന്നു നിന്ന് നിൽക്കാനും ശ്രമിച്ചിട്ടുണ്ട്.
തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കോൺഗ്രസ് നേതൃത്വം നടത്തിയ എം എൽ എ ഓഫീസ് മാർച്ച് മൂന്നാം ഇടതു പക്ഷ ജനാതിപത്യ മുന്നണി സർക്കാർ കേരളത്തിൽ ഉണ്ടാകുമെന്ന ആശങ്കയിൽ നിന്നും ഉടലെടുത്തതാണെന്നും എം എൽ എ പറഞ്ഞു.
