കോതമംഗലം : വിവിധ സഹകരണ ബാങ്കുകളിൽ അംഗമായിട്ടുള്ള മാരക രോഗങ്ങൾ ബാധിച്ചവരെ സഹായിക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ രൂപീകരിച്ചിട്ടുള്ള മെമ്പർ റിലീഫ് ഫണ്ടിൽ നിന്നുള്ള ധന സഹായ വിതരണത്തിന്റെ താലൂക്ക് തല ഉദ്ഘാടനവും കെയർ ഹോം പ്രശസ്തി പത്ര വിതരണവും കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.
താലൂക്കിൽ കവളങ്ങാട് സർവ്വീസ് സഹരണ ബാങ്ക് 8,80000,ഇടമലയാർ സർവ്വീസ് സഹകരണ ബാങ്ക് 5,75000, കുട്ടമ്പുഴ സർവ്വീസ് സഹകരണ ബാങ്ക് 3,95000,ചെറുവട്ടൂർ റൂറൽ സഹകരണ ബാങ്ക് 15,000 എന്നിങ്ങനെ 4 സർവ്വീസ് സഹകരണ ബാങ്കുകളിൽ നിന്നുള്ള 86 പേർക്കായി 18,65000/- രൂപയാണ് ആദ്യ ഘട്ടമായി താലൂക്കിൽ വിതരണം ചെയ്തത്. കോതമംഗലം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ കെ ശിവൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വച്ച് സഹകരണ അംഗ സമാശ്വാസ ഫണ്ടിന്റെ വിതരണം കോതമംഗലം മുൻസിപ്പൽ ചെയർമാർ കെ കെ ടോമി നിർവ്വഹിച്ചു.
വിദ്യാതരംഗിണി വായ്പ വിതരണം കവളങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജന്റ് ചാക്കോ നിർവ്വഹിച്ചു.ചടങ്ങിൽ കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് ബാങ്ക് പ്രസിഡൻ്റ് കെ ബി മുഹമ്മദ് സ്വാഗതവും കോതമംഗലം സർക്കിൾ യൂണിയൻ സെക്രട്ടറി കെ വി സുധീർ നന്ദിയും അറിയിച്ചു.