കോതമംഗലം : കോവിഡ്, ഒമിക്രോൺ ആശങ്കകൾക്കിടയിലും ക്രിസ്തുമസിനെയും, പുതുവർഷത്തെയും വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ലോക മെമ്പാടുമുള്ള മലയാളികൾ. ക്രിസ്മസ്, പുതുവർഷം അടുത്തതോടെ പടക്ക വിപണിയും സജീവമായി.കോതമംഗലം നഗരത്തിൽ വിവിധയിടങ്ങളിലായി ഒട്ടേറെ സ്റ്റാളുകളും ആരംഭിച്ചു.പ്രധാനമായും മലയിൻകീഴ്, ചെറിയപള്ളി താഴം, ഹൈറേഞ്ച് കവല,പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് പടക്ക വിപണി സജീവമായിരിക്കുന്നത്.ഇത്തവണ ചൈനീസ്, ഫാൻസി പടക്കങ്ങൾക്കാണ് പ്രിയം കൂടുതൽ.അപകടകാരികളായ പടക്കങ്ങൾ വായു മലിനീകരണ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വിൽക്കുന്നില്ല.
വിവിധ വലുപ്പത്തിലുള്ള കമ്പിത്തിരികളും പൂക്കുറ്റികളും ലഭ്യമാണ്. ക്രാക്ക്‌ലിംഗ്, വിസിലിംഗ്, പീക്കോക്ക് തുടങ്ങിയ മോഡൽ പടക്കങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. കത്തിച്ചു വിട്ടാൽ ആകാശത്തിൽ വിവിധ വർണ്ണങ്ങളും രൂപങ്ങളും തെളിയും. 100, 150 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ചൈനീസ് പടക്കം ഒരു ഷോട്ട് മുതൽ 240 ഷോട്ട് വരെ ഉള്ളതുണ്ട്. കമ്പിത്തിരി 10 രൂപ മുതൽ 200 രൂപ വരെ വില വരും. പൂക്കുറ്റിക്ക് 5 രൂപ മുതൽ 100 വരെയും. ചക്രം 10 രൂപ മുതൽ ആരംഭിക്കുന്നു. ഓലപ്പടക്കം ലഭ്യമാണെങ്കിലും മലിനീകരണ നിയമം വാളെടുക്കുമെന്നതിനാൽ പരസ്യവിൽപ്പന കുറവാണ്. പടക്കങ്ങൾക്ക് മുൻവർഷങ്ങളിലേതിനെക്കാൾ വിലയിൽ 10 ശതമാനം മുതൽ 15 ശതമാനം വരെ വില വർദ്ധന ഉണ്ടായിട്ടുണ്ട്.
തമിഴ്‌നാട്ടിലെ ശിവകാശിയിൽ നിന്നാണ് സംസ്ഥാനത്തേയ്ക്ക് പടക്കങ്ങൾ കൂടുതലായി എത്തിച്ചിരുന്നത്. എന്നാൽ, മഴമൂലം അവിടെ ഉത്പാദനം നടക്കുന്നില്ല. കേരളത്തിലെ ഇരിങ്ങാലക്കുട, പറവൂർ, ചെറായ് എന്നിവിടങ്ങളിൽ നിന്നുള്ള പടക്കങ്ങളാണ് വിൽപ്പനയ്ക്കുള്ളത്. പടക്കവിപണിയും, നക്ഷത്ര വിപണിയും ഒപ്പം കേക്ക് വിപണിയും സജീവമായി കഴിഞ്ഞു. കേക്കിൽ പ്ലം കേക്ക് നാണ് പ്രിയം കൂടുതൽ. കോതമംഗലത്തെ വിവിധ ബേക്കറികളിൽ ബഹുവർണ്ണ കടലാസിലും, പാക്കിങ്ങ്ലുമുള്ള കേക്ക് കൾ ഉപഭോക്താക്കളെ ആകർഷിക്കുന്നു. സന്ധ്യമായങ്ങിയാൽ വർണ്ണ വിളക്കുകൾതെളിയുന്നത്തോടെ കോതമംഗലത്തെ വീഥികൾക്ക് മനോരാഹാര ശോഭയാണ് പകർന്ന് നൽകുന്നത്.