കോതമംഗലം : മാർത്തോമ ചെറിയ പള്ളിയിൽ 99 % വരുന്ന യാക്കോബായ വിഭാഗത്തിന്റെ പാരമ്പര്യവും വിശ്വാസവും അനുസരിച്ച് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കോട്ടപ്പടി , കവളങ്ങാട് , പിണ്ടിമന പഞ്ചായത്തുകൾ അടിയന്തര കമ്മിറ്റികൾ ചേർന്ന് പ്രമേയം അവതരിപ്പിച്ചു. നൂറ്റാണ്ടുകളായി യാക്കോബായ വിഭാഗം അവരുടെ വിശ്വാസരീതി പ്രകാരം ആരാധിച്ചു പോരുന്ന ദേവാലയമാണെന്നും , അവരുടെ ആരാധാന സ്വാതന്ത്ര്യത്തെ ഹനിക്കുന്നതിലും കോതമംഗലത്തിന്റെ മതമൈത്രിയും സമാധാനവും ഇല്ലാതാക്കുന്ന പ്രവണതയിലും പഞ്ചായത്തുകൾ ശക്തമായി അപലപിച്ചുകൊണ്ട് ചെറിയ പള്ളിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമേയം പാസാക്കുകയായിരുന്നു. കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രവും , കോതമംഗലം പട്ടണത്തിന്റേയും സമീപ പ്രദേശങ്ങളുടെയും സമഗ്ര വികസനത്തിന് നിരവധി സംഭാവനകൾ നൽകിയ ചെറിയ പള്ളി സംരക്ഷിക്കപ്പെടണമെന്ന് പ്രമേയത്തിൽ വ്യക്തമാക്കുന്നു.
യാക്കോബായ വിശ്വാസികളുടെ വിശ്വാസ-ആചാരങ്ങൾക്ക് എതിരായി യാതൊരുവിധ പ്രവർത്തനവും അനുവദിക്കാനും ഉണ്ടാകാനും പാടില്ലെന്ന് പഞ്ചായത്ത് യോഗങ്ങളിലെ മെമ്പർമാർ ആവശ്യപ്പെട്ടു. നാടിന്റെ സമാധാന അന്തരീക്ഷവും കോതമംഗലത്തിന്റെ മതസൗഹാർദവും കാത്തുസൂക്ഷിക്കേണ്ടത് പഞ്ചായത്തിന്റെ ബാധ്യതയാണെന്നും അതിനായി നിലകൊള്ളുമെന്നും പഞ്ചായത്തുകൾ ഏകകണ്ഠമായി തീരുമാനിച്ചു. കോതമംഗലം മണ്ഡലത്തിന്റെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ സാമ്പത്തിക ആരോഗ്യ രംഗങ്ങളിൽ ചെറിയ പള്ളി നടത്തിയ ഇടപെടലുകൾ മൂലമാണ് കോതമംഗലത്തിന് ഇന്ന് കാണുന്ന ശോഭ കൈവരുവാൻ ഇടയായതെന്നും പ്രമേയത്തിൽ പറയുന്നു. നാടിന്റെ സമാധാന അന്തരീക്ഷവും മതസൗഹാർദ്ദവും തുടർന്നും നിലനിൽക്കുവാൻ വേണ്ടിയാണ് പഞ്ചായത്തുകൾ പ്രമേയം അവതരിപ്പിച്ചത്.
You must be logged in to post a comment Login