കോതമംഗലം: മലങ്കര സഭാ തർക്കം (യാക്കോബായ- ഓർത്തഡോക്സ് ) പ്രശ്നപരിഹാരത്തിന് കേരള സർക്കാർ നിയമ നിർമ്മാണം നടത്തുന്നതിന് പൊതുജനാഭിപ്രായം തേടുന്നത് സ്വാഗതാർഹമാണെന്ന് മതമൈത്രി സംരക്ഷണ സമിതി അഭിപ്രായപ്പെട്ടു. നൂറു വർഷത്തിൽ പരം പഴക്കമുള്ള സഭാതർക്കം പരിഹാരമാകുന്നതിലൂടെ ക്രമസമാധാനം കൈവരിക്കാൻ സാധിക്കുമെന്ന് പൊതുസമൂഹം കരുതുന്നു. ജസ്റ്റിസ് കെ. ടി. തോമസ് ചെയർമാനായിട്ടുള്ള നിയമ പരിഷ്കരണ കമ്മിറ്റിയുടെ ശുപാർശ സർക്കാർ എത്രയും വേഗം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മതമൈത്രി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിന് വേണ്ടി നൂറ് കേന്ദ്രങ്ങളിൽ ബോധവൽക്കരണ സെമിനാറും ക്യാമ്പയിനും സംഘടിപ്പിക്കും.
ക്യാമ്പയിന്റെ ഉദ്ഘാടനം 2022 മാർച്ച് മാസം 28 ആം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർതോമ ചെറിയ പള്ളിയിൽ വച്ച് നടത്തുവാൻ മതമൈത്രി സംരക്ഷണ സമതി പൊതു യോഗം തീരുമാനിച്ചു. യോഗത്തിൽ മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ ഏ. ജി ജോർജ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി മുൻമന്ത്രി ടി. യു .കുരുവിള, കെ.എ നൗഷാദ്, ബാബുപോൾ, അഡ്വ. രാജേഷ് രാജൻ, ലിസി ജോസ്, മാത്യു ജോസഫ്, ഷൈജന്റ് ചാക്കോ, പി.കെ.ചന്ദ്രശേഖരൻ നായർ, ഭാനുമതി രാജു. ബിനോയ് മണ്ണഞ്ചേരി എന്നിവർ പ്രസംഗിച്ചു.