കോതമംഗലം: മാർ തോമാ ചെറിയ പള്ളി ഉൾപ്പെടെയുള്ള യാക്കോബായ സഭയുടെ പുരാതന ദേവാലയങ്ങൾ സംരക്ഷിക്കാൻ ജീവത്യാഗം ചെയ്യാൻ സന്നദ്ധമായി പരിശുദ്ധ സഭാമക്കൾ ജാഗരൂകരായി ഉണ്ടാകുന്നതിന്റെ മുൻനിരയിൽ എല്ലായ്പ്പോഴും പ്രായാധിക്യം നോക്കാതെ താൻ ഉണ്ടാകുമെന്ന് ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ പ്രസ്താവിച്ചു. ഇനിമുതൽ നടക്കുന്ന സമരത്തിന് താൻ നേതൃത്വം നൽകുമെന്നും ശ്രേഷ്ഠ ബാവ അറിയിച്ചു. സഭയിലെ മെത്രാപ്പോലീത്തമാർ, വൈദീകർ, വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, പള്ളി ട്രസ്റ്റിമാർ, പള്ളി പ്രതിനിധികൾ, വിവിധ സംഘടനാ ഭാരവാഹികൾ, മതമൈത്രി സംരക്ഷണസമിതി ഭാരവാഹികൾ, പ്രവർത്തകർ, വിശ്വാസി കൂട്ടായ്മ എന്നിവരുടെ കുടുംബ സമ്മേളനവും അനിശ്ചിതകാല രാപകൽ റിലെ സത്യാഗ്രഹത്തിന്റെ 46-)0 ദിവസത്തെ സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാർതോമാ ചെറിയപള്ളി സംരക്ഷണത്തിനായി ആയിരക്കണക്കിന് വിശ്വാസികളെ മൂന്ന് ഷിഫ്റ്റുകളിലായി പള്ളിയിൽ രാപകൽ വ്യത്യാസമില്ലാതെ വിന്യസിക്കുന്നതിന് ക്രമീകരണം ഒരുക്കിയതായി ഇടുക്കി- കോതമംഗലം മേഖലാ മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ് അധ്യക്ഷതവഹിച്ചു കൊണ്ട് അറിയിച്ചു. വിവിധ ഭദ്രാസനങ്ങളിലെ പള്ളികളിൽ നിന്നുള്ള വിശ്വാസികൾ ഇന്നലെ രാവിലെ മുതൽ പള്ളി കാവലിനായി എത്തിച്ചേർന്നിട്ടുണ്ടെന്നും തിങ്കളാഴ്ച മുതൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും യാക്കോബായ വിശ്വാസികൾ കോതമംഗലത്തേക്ക് എത്തിച്ചേരുമെന്നും അദ്ദേഹം അറിയിച്ചു.
മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത ഡോ: മാത്യൂസ് മാർ അന്തിമോസ്, ഫാ:ജോസ് പരത്തുവയലിൽ ഫാ :ജോസ് പരണായിൽ, ഫാ:കുര്യാക്കോസ് ചാത്തനാട്ട്, മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി.ജോർജ്, കൺവീനർ പി. ടി.ജോണി, ബാബുപോൾ, ബെന്നി പോൾ നടുവത്ത്, ട്രസ്റ്റിമാരായ അഡ്വ:സി. ഐ.ബേബി, ബിനോയ് തോമസ് മണ്ണഞ്ചേരി, എന്നിവർ പ്രസംഗിച്ചു.
You must be logged in to post a comment Login