കോതമംഗലം: മാർതോമ ചെറിയപള്ളിയും പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ കബറിടവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മത മൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്ന സമര പരമ്പരയുടെ ഭാഗമായി അറുപത്തിയൊന്നാം ദിനത്തിൽ ചരിത്രം പേറുന്ന തൃക്കാരിയൂരിൽ നിന്നും രാജീവ് ഗാന്ധി സ്റ്റഡി സെന്ററിന്റെ അഭിമുഖ്യത്തിൽ ചെറിയ പള്ളിയിലേക്ക് നൂറുകണക്കിന് നാനാജാതിമതസ്ഥർ പങ്കെടുത്ത വിശ്വാസ ജ്യോതിപ്രയാണം നടത്തി. മഹാദേവന്റെ അനുഗ്രഹ ചൈതന്യത്താൽ പ്രഭ ചൊരിഞ്ഞു നിൽക്കുകയും ദേവ നാമം ഉച്ചരിച്ച് ഉണരുകയും ഉറങ്ങുകയും സർവ്വം ദേവമായി കാണുകയും ചെയ്യുന്ന പുണ്യ ഗ്രാമമായ തൃക്കരിയൂരിന് കേരള ഉല്പത്തിയുമായി ബന്ധമുണ്ട്. പരശുരാമൻ അന്തർധാനം ചെയ്തുവെന്ന് കരുതപ്പെടുന്ന തൃക്കാരിയൂർ മഹാദേവക്ഷേത്രവും ചെറിയ പള്ളിയുമായി നൂറ്റാണ്ടുകളായി ഇഴപിരിയാത്ത മതമൈത്രി സാഹോദര്യബന്ധം ഉണ്ട്.
335 വർഷം മുൻപ് കോഴിപ്പിള്ളിയിൽ ചക്കാലക്കുടിയിൽ എത്തിയപരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയെ ചെറിയ പള്ളിയിലേക്ക് ആനയിച്ചത് ഹൈന്ദവ കുടുംബത്തിലെ ചക്കാല നായർ യുവാവായിരുന്നു. പരിശുദ്ധ ബാവ പള്ളിയിലെത്തി പതിമൂന്നാം ദിവസം കാലം ചെയ്തു പള്ളിയിൽ ഖബറടക്കപ്പെട്ടതിനെ തുടർന്ന് എല്ലാവർഷവും ബാവായുടെ ഓർമ്മപെരുന്നാളിന് നായർ കുടുംബത്തിലെ പിൻതലമുറയിൽപെട്ടവരിലൊരാൾ പതിവ് മുടങ്ങാതെ നഗരപ്രദക്ഷിണത്തിന് മുന്നിൽ തൂക്കുവിളക്കേന്തുന്ന പതിവുണ്ട്. ഇത്തരത്തിൽ തൂക്കുവിളക്ക് എടുക്കാനെ ത്തുന്ന നായർ കുടുംബാംഗം ദിവസങ്ങളോളം നോമ്പുനോറ്റ് തൃക്കാരിയൂർക്ഷേത്രക്കുളത്തിൽ നിത്യവും മുങ്ങി കുളിച്ച് അമ്പലത്തിൽ എത്തി പ്രാർത്ഥിച്ച് ഒരുങ്ങിയാണ് ചെറിയപള്ളിയിലെ തൂക്കുവിളക്ക് പിടിക്കുവാൻ എത്തുന്നത്. ഏതാനും വർഷങ്ങൾക്കു മുൻപ് വരെ ക്ഷേത്രത്തിൽ നിന്നും ചെറിയ പള്ളിയിലേക്ക് എതിരേല്പും ഘോഷയാത്രയും നടത്തിയിരുന്നു. ഈ പാരമ്പര്യത്തിന്റെ ഓർമ്മകളുണർത്തിയായിരുന്നു വിശ്വാസ ജ്യോതിപ്രയാണം തൃക്കാരിയൂരിൽ നിന്നും പുറപ്പെട്ടത്.
ഭക്തിനിർഭരമായ ചടങ്ങിൽ റിട്ടയേർഡ് ലേബർ കമ്മീഷണർഇ.വി. നാരായണൻ നമ്പൂതിരി വിശ്വാസ ജ്യോതി ക്യാപ്റ്റൻ ചന്ദ്രലേഖ ശശിധരന് കൈമാറി ഉത്ഘാടനം ചെയ്തു. മത മൈത്രി സംരക്ഷണ സമിതി ചെയർമാൻ എ. ജി.ജോർജ് രാജീവ് ഗാന്ധി സ്റ്റഡി സെന്റർ ചെയർമാൻ എം. എം. പ്രവീണിൽ നിന്നും പതാക ഏറ്റുവാങ്ങി. ചടങ്ങിൽ വികാരി ഫാ:ജോസ് പരത്തുവയലിൽ, പി.എ. സോമൻ, ഇ.കെ സേവ്യർ, കെ.എ.നൗഷാദ്,പി. ടി. ജോണി, കെ.പി. ബാബു, അബു മൊയ്‌തീൻ, പി.പി. തങ്കപ്പൻ, അനിൽ മാത്യു, എൻ. കെ. ശശിധരൻ, വിജിത് വിജയൻ, വി. കെ. ഗോപിനാഥൻ നായർ, പോൾ. എസ്.ഡേവിഡ്, റോയി.കെ.പോൾ, പി. സി.ജോർജ്, സി. ഐ.ബേബി,ബിനോയ് തോമസ് മണ്ണഞ്ചേരി,കെ. ഐ. ജേക്കബ്, എൻ.സി. ചെറിയാൻ, എന്നിവർ നേതൃത്വം നൽകി. തുടർന്ന് കിലോമീറ്ററുകൾ കാൽനടയായി നൂറുകണക്കിന് വിശ്വാസ സമൂഹത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശ്വാസ ജ്യോതി ചെറിയ പള്ളിയിലേക്ക് പുറപ്പെട്ടു.
വഴിമധ്യേ തങ്കളം ക്ഷേത്രപ്പടി, തങ്കളം മുസ്‌ലിംപള്ളിപ്പടി, ഗവൺമെന്റ് ആശുപത്രിപ്പടി ടൗൺ മുസ്ലിം പള്ളിക്കവല, മുനിസിപ്പൽ ജംഗ്ഷൻ, പോസ്റ്റ് ഓഫീസ് ജംഗ്ഷൻ ഗാന്ധി സ്‌ക്വയർ, ഹൈറേഞ്ച് ജംഗ്ഷനിലെ ഫാത്തിമ മാതാ കുരിശടി കവല, ചെറിയപള്ളിത്താഴം, എന്നിവിടങ്ങളിൽ വൻ സ്വീകരണം നൽകി. വിവിധ സ്വീകരണ യോഗങ്ങളിൽ വിവിധ കക്ഷി നേതാക്കളായ മഞ്ജു സിജു, കെ എം അഷ്റഫ്, മൈതീൻ ഇഞ്ചക്കു ടി, ബേബിആഞ്ഞിലിവേലിൽ, അഡ്വ:മാത്യു ജോസഫ്, അഡ്വ: രാജേഷ് രാജൻ എന്നിവർപ്രസംഗിച്ചു. മതമൈത്രി സംരക്ഷണസമിതിയുടെ നേതൃത്വത്തിലുള്ള സമര പരമ്പരയിൽ 62-)0ദിവസമായ ചൊവ്വാഴ്ച വേറിട്ട സമര പരിപാടിയാണ് ഒരുക്കിയിട്ടുള്ളത്. മഞ്ഞനിക്കര തീർഥയാത്ര സംഘത്തിലെ നൂറുകണക്കിന് വിശ്വാസികളും മതമൈത്രി സംരക്ഷണ സമിതി ഭാരവാഹികളും പ്രവർത്തകരും വിശ്വാസി സമൂഹവും പുലർച്ചെ 5.45 ന് ചെറിയപള്ളിയിലെ അനിശ്ചിതകാല രാപകൽ സത്യാഗ്രഹ പന്തലിൽ പുലർ കാല സമ്മേളനം നടത്തും. വിവിധ വിശിഷ്ടാതിഥികൾ പങ്കെടുക്കും.

You must be logged in to post a comment Login