കോതമംഗലം :മാർ ബസേലിയോസ് ബാവാ കബറടങ്ങിയിരിക്കുന്ന സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിന് മാറ്റ് കൂട്ടാൻ പള്ളിയും പരിസരങ്ങളും വൈദ്യുത ദീപാലങ്കാരത്താൽ പ്രഭാപൂരിതമായി.
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 12-ാം തീയതി ഞായറാഴ്ച വരെ നീണ്ടു നിൽക്കുന്ന ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം കോതമംഗലം മേഖല മെത്രാപ്പോലീത്ത അഭി. ഏലിയാസ് മോർ യൂലിയോസ് തിരുമേനിയുടെ മഹനീയ സാന്നിദ്ധ്യത്തിൽ
ഇടുക്കി എംപി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് നിർവഹിച്ചു. കോതമംഗലം എംഎൽഎ ആന്റണി ജോൺ, തഹസിൽദാർ അനിൽ, കോതമംഗലം സർക്കിൾ ഇൻസ്പെക്ടർ ബിജോയ് പി ടി, ഷിബു തെക്കുംപുറം, മറ്റ് രാഷ്ട്രീയ സാമൂഹിക നേതാക്കൾഎന്നിവർ സന്നിഹിതരായിരുന്നു.
ചടങ്ങുകൾക്ക് വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി, സഹവികാരിമാർ, തന്നാണ്ട് ട്രസ്റ്റിമാരായ കെ.കെ. ജോസഫ്, എബി ചേലാട്ട്, വർക്കിങ്ങ് കമ്മിറ്റിയംഗ ങ്ങൾ, മാനേജിങ് കമ്മിറ്റിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ദീപാലങ്കാര വിസ്മയം കാണുവാൻ നൂറ് കണക്കിന് വിശ്വാസികളും എത്തിയിരുന്നു.
ശനിയാഴ്ച നടന്ന വിശുദ്ധ അഞ്ചിന്മേൽ കുർബാനയ്ക്ക് യാക്കോബായ സുറിയാനി സഭയുടെ സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്ത അഭി. ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് പ്രധാന കാർമ്മികത്വം വഹിച്ചു. ” നല്ല ഇടയൻ തന്റെ ആടുകൾക്ക് വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു. 92-ാം വയസ്സിൽ തന്റെ വിശ്വാസികൾക്ക് വേണ്ടി പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ നിന്ന് എഴുന്നള്ളി വന്ന പിതാവാണ് മോർ ബസേലിയോസ് ബാവ. എൽദോ ബാവായുടെ മദ്ധ്യസ്ഥത മുഖാന്തരമായി അനേകർ ഇന്നും ദൈവത്തിന്റെ അനുഗ്രഹങ്ങളെ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു.”
ഞായറാഴ്ച രാവിലെ 6 മണിക്ക് അർപ്പിക്കപ്പെടുന്ന ഒന്നാമത്തെ വിശുദ്ധ കുർബ്ബാനക്ക് അഭി. മാത്യൂസ് മോർ തീമോത്തിയോസ് തിരുമേനിയും 7:30 നുള്ള രണ്ടാമത്തെ വിശുദ്ധ കുർബ്ബാനക്ക് അഭിവന്ദ്യ സഖറിയാസ് മോർ പീലക്സിനോസ് തിരുമേനിയും 9 മണിക്കുള്ള മൂന്നാമത്തെ വിശുദ്ധ കുർബ്ബാനക്ക് അഭിവന്ദ്യ മാത്യൂസ് മോർ അപ്രേം തിരുമേനിയും കാർമ്മികത്വം വഹിക്കും. വൈകീട്ട് ആറ് മണിക്ക് സന്ധ്യാ നമസ്കാരവും തുടർന്ന് നടത്തപ്പെടുന്ന വിശുദ്ധ കുർബ്ബാനക്ക് അഭിവന്ദ്യ കുര്യാക്കോസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത കാർമ്മികത്വം വഹിക്കും.
