കോതമംഗലം : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷിയിൽ ഒരു വാർഡ് നിവാസികളെയാകെ സ്വയംപര്യാപ്തമാക്കുക എന്ന പദ്ധതിയുമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്. കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെയും, നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 13 -ാം വാർഡ് കാർഷിക കൂട്ടായ്മയുടെയും നേതൃത്വത്തിൽ 13-ാം വാർഡിലെ എല്ലാ വീടുകളിലേയും ടെറസ്സിലും, മുറ്റത്തും, പറമ്പിലും മത്സരാടിസ്ഥാനത്തിൽ പച്ചക്കറിക്കൃഷി ചെയ്തു കൊണ്ട് സ്വയംപര്യാപ്തയ്ക്ക് ഒരു പുതിയ സന്ദേശം നൽകുകയാണ് നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 13-)o വാർഡിലെ ഹരിത ഭവനം പദ്ധതി.
ഈ പദ്ധതിയുടെ തുടർച്ചയിൽ വാർഡിലെ ഏറ്റവും മികച്ച അടുക്കളത്തോട്ടത്തിന് ഒരു ത്രീജാർ മിക്സിയും ഏറ്റവും മികച്ച മട്ടുപ്പാവ് കൃഷിക്ക് ഒരു പെഡസ്റ്റൽ ഫാനും ,ഗ്രൂപ്പ് കൃഷിക്കാർക്ക് വ്യത്യസ്തങ്ങളായ പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നു. ഹരിത ഭവനം പദ്ധതിയുടെ ആദ്യ ഘട്ടമായ പച്ചക്കറിതൈ വിതരണോദ്ഘാടനം 22 – 05-2020 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് ഇരുമലപ്പടി കിഴക്കേകവല മഞ്ചാടി പാടത്തിന് സമീപം വിവിധതരം പച്ചക്കറിതൈകൾ നൽകി കൊണ്ട് കോതമംഗലം MLA ആൻറണി ജോൺ നിർവഹിച്ചു.
തൈ നടീൽ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റഷീദ സലിമും നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ KM പരീത്, വാർഡ് മെമ്പർ ശ്രീമതി രഹ്ന നൂറുദ്ദീൻ , ബ്ലോക്ക്കൃഷി അസിസ്റ്റൻറ് ഡയറക്ടർ സിന്ധു.വി പി, കാർഷിക കൂട്ടായ്മ ഭാരവാഹികളായ PM മജീദ്, അൻസാർ KB, PH ഷിയാസ്, ബഷീർ K K, തുടങ്ങിയവർ പങ്കെടുത്തു.
കോവിഡ് 19 ന്റെ പശ്ച്ചാത്തലത്തിൽ മാറിയ നമ്മുടെ ജീവിത സാഹചര്യത്തിലും ജൈവ കൃഷി പ്രോൽസാഹനം എന്ന നിലയിലും വാർഡിലെ ആബാലവൃദ്ധം ജനങ്ങളും ഈ ഉദ്യമത്തിൽ പങ്കാളികളാകുവാനും വീടിന് സമീപമോ, മട്ടുപ്പാവിലോ, പറമ്പിലോ പച്ചക്കറി കൃഷിക്ക് തുടക്കം കുറിക്കുവാനും വാർഡിലെ മുഴുവൻ വീട്ടിലേക്കുമാവശ്യമായ പച്ചക്കറിതൈ ആദ്യ ഘട്ടത്തിൽ നൽകുന്നതായിരിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം അറിയിച്ചു.