കോതമംഗലം : കോതമംഗലം ബ്ലോക്ക് ക്ഷീര മേഖലയിൽ നടപ്പാക്കുന്ന 2022-23 വർഷത്തെ പദ്ധതികൾക്കായുള്ള ആലോചനായോഗവും, കഴിഞ്ഞ വർഷം ക്ഷീര മേഖലയിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ച പഞ്ചായത്തുകൾക്കുള്ള അവാർഡ് ദാനവും 18.04.2022 ന് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു.
ക്ഷീരകർഷകർക്കായി മിൽക് ഇൻസന്റീവ് പദ്ധതിക്കായി ഏറ്റവും കൂടുതൽ തുക ചെലവഴിച്ച ഗ്രാമപഞ്ചായത്തുകൾക്കുള്ള അവാർഡ് കവളങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സൈജന്റ് ചാക്കോ, കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കാന്തി വെള്ളക്കൈയ്യൻ എന്നിവർ ഏറ്റുവാങ്ങി.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി നിസമോൾ ഇസ്മയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എ.എം ബഷീർ ഉദ്ഘാടനം ചെയ്തു.ഈ സാമ്പത്തിക വർഷം കുറഞ്ഞത് 10 മാസം എങ്കിലും ക്ഷീരകർഷകർക്ക് മിൽക് ഇൻസന്റീവ് തുക നൽകുന്നവിധം പദ്ധതികൾ രൂപീകരിക്കുന്നതിന് ബ്ലോക്ക്–ഗ്രാമ-ജില്ലാപഞ്ചായത്തുകൾ ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്ന് ചടങ്ങ് ഉദ്ഘാടം ചെയ്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി എ.എം ബഷീർ അറിയിച്ചു. കൂടാതെ പകുതി വിലയ്ക്ക് കാലിത്തീറ്റ കർഷകർക്ക് ലഭ്യമാക്കുന്ന കാലിത്തീറ്റ സബ്സിഡി പദ്ധതി, കറവ പശുക്കൾക്കുള്ള ഇൻഷുറൻസ് പദ്ധതി എന്നിവയും ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്നതാണ്. സ്വന്തമായി കാലിത്തീറ്റ നിർമ്മാണ യൂണിറ്റ് കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ആരംഭിക്കുന്നതിനുള്ള പദ്ധതികളും ആവിഷ്കരിച്ച് വരുന്നതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.എ.എം ബഷീർ അറിയിച്ചു.
വരും വർഷത്തെ പദ്ധതി രൂപീകരണത്തെ പറ്റിയുള്ള ചർച്ചകളിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീ ജോമി തെക്കേക്കര, ജയിംസ് കോറമ്പേൽ, ടി കെ കുഞ്ഞുമോൻ, ശ്രീമതി ലിസ്സി ജോസഫ്, സാലി ഐപ്പ്, ഡയാന നോബി, ആനീസ് ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീ പി കെ ചന്ദ്രശേഖരൻ നായർ, സൈജന്റ് ചാക്കോ, വി.സി.ചാക്കോ, ശ്രീമതി കാന്തി വെള്ളക്കയ്യൻ, ശ്രീമതി ജെസ്സി സാജു , മിൽമ ബോർഡ് അംഗങ്ങളായ പി എസ്. നജീബ്, ലിസ്സി സേവ്യർ , ആപ്കോസ് പ്രസിഡന്റുമാരായ ശ്രീ ജോസ് ജോർജ്ജ്, സണ്ണി മാത്യു, ടി.പി മാർകോസ്, പി.എം.ശിവൻ, എം.കെ.സുകു എന്നിവർ പ്രസംഗിച്ചു. ക്ഷീരവികസന ഓഫീസർ ശ്രീ റെമീസ് പി മുഹമ്മദ് സ്വാഗതവും ,ഡയറി ഫാം ഇൻസ്ട്രക്ടർ ശ്രീമതി ജോബിയ ജോയി കൃതജ്ഞതയും രേഖപ്പെടുത്തി.
