കോതമംഗലം: കരുതലും കൈത്താങ്ങും അദാലത്ത്: നാലുവർഷമായി മുടങ്ങിക്കിടന്ന പെൻഷൻ തുക കുടിശ്ശിക സഹിതം ഏലമ്മയ്ക്ക് ലഭിക്കും. 2019 മുതൽ മുടങ്ങിയ പെൻഷൻ തുക കുടിശ്ശിക ഉൾപ്പെടെ അനുവദിക്കണമെന്ന അപേക്ഷയുമായാണ് പോത്താനിക്കാട് പടിഞ്ഞാറ്റി പുത്തൻപുരയിൽ വീട്ടിൽ ഏലമ്മ എസ്തപ്പാൻ കരുതലും കൈത്താങ്ങും അദാലത്തിലെത്തിയത്. 94 വയസുകാരിയായ ഏലമ്മയുടെ പരാതി മന്ത്രി പി.രാജീവ് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിച്ചു. പെൻഷൻ കുടിശിക സഹിതം നൽകുന്നതിന് വേണ്ടതെല്ലാം ചെയ്യാമെന്ന് മന്ത്രി ഏലമ്മയ്ക്ക് വാക്കും നൽകിയാണ് കോതമംഗലം താലൂക്ക് തല വേദിയിൽനിന്ന് യാത്രയാക്കിയത്.
മസ്റ്ററിംഗ് നടത്താത്തത് മൂലവും പുതിയ വരുമാന സർട്ടിഫിക്കറ്റ് സൈറ്റിൽ അപ്‌ലോഡ് ചെയ്യാത്തതുമാണ് പെൻഷൻ തുക ലഭിക്കാതിരുന്നത് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ നടപടികൾ എത്രയും വേഗം പൂർത്തിയാക്കി കുടിശ്ശിക ഉൾപ്പെടെ ഏലമ്മയ്ക്ക് പെൻഷൻ ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയായിരുന്നു.